Image

രേണുക സ്വാമി വധക്കേസ്; നടന്‍ ദര്‍ശന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

Published on 15 May, 2026
രേണുക സ്വാമി വധക്കേസ്; നടന്‍ ദര്‍ശന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

ബെംഗളൂരു: ചിത്രദുർഗ രേണുകസ്വാമി വധക്കേസിലെ മുഖ്യപ്രതി നടൻ ദർശന് ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. കേസിൽ പരിഗണനയിലുള്ള 60 പ്രധാന സാക്ഷികളുടെ വിസ്‌താരം അടുത്ത ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കര്‍ണാടക സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

സാക്ഷി വിസ്താരത്തിനായി വിചാരണ കോടതിക്ക് ദിവസേന അടിസ്ഥാനത്തിൽ മുന്നോട്ട് പോകാമെന്നും, വിചാരണയിൽ കാര്യമായ പുരോഗതിയില്ലെങ്കിൽ ദർശന് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ബെഞ്ച് നിരീക്ഷിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ദർശനിന്‍റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

ജയിൽ മാനുവലിൽ പറഞ്ഞിരിക്കുന്നതുപോലെ വിചാരണ തടവുകാർക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ ദർശൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ചിന്‍റെ ഈ ഉത്തരവ്.

പ്രതി ദർശന് ജയിലിൽ നൽകുന്ന സൗകര്യങ്ങൾ സംബന്ധിച്ച് ബെഞ്ചിന്‍റെ നിർദ്ദേശപ്രകാരം സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ സിദ്ധാർത്ഥ് ലുത്ര വാദിച്ചു. വിചാരണ തടവുകാർക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും നൽകുന്നുണ്ടെന്നും കോടതിയെ അറിയിച്ചു.

ഹർജിക്കാരന്‍റെ കേസിൽ 272 സാക്ഷികളെ വിസ്തരിക്കാൻ പ്രോസിക്യൂഷൻ ഉദ്ദേശിക്കുന്നതായി ദർശനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി പറഞ്ഞു. എന്നാൽ, ജാമ്യം റദ്ദാക്കിയതിന് ശേഷമുള്ള ഏഴ് മാസത്തിനിടെ 10 സാക്ഷികളെ മാത്രമേ വിസ്തരിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം ബെഞ്ചിനെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക