
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബേക്കറി ജംങ്ഷനിലെ പിണറായിയുടെ വാടക വീട്ടിൽ എത്തിയാണ് സന്ദർശിച്ചത്. വീടിന്റെ പൂമുഖത്തേക്കിറങ്ങി വന്ന് പിണറായി വിജയനും ഭാര്യ കമലയും മകള്‍ വീണയും ചേര്‍ന്ന് വിഡി സതീശനെ സ്വീകരിച്ചു.
ചിരിയോടെ ഹസ്തദാനം നൽകിയാണ് പിണറായി സതീശനെ വീടിനുള്ളിലേക്ക് ക്ഷണിച്ചത്. ചായ നൽകി സത്കരിക്കുകയും ചെയ്തു. പിണറായിയുടെ കുടുംബാംഗങ്ങളോട് കുശലാന്വേഷണം നടത്തിയ സതീശൻ പിന്നീട് അദ്ദേഹത്തിനൊപ്പം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കും മറുപടി നൽകി.
10 വർഷം മുഖ്യമന്ത്രിയും 16 വർഷം പാർട്ടി സെക്രട്ടറിയുമായിരുന്ന പിണറായി വിജയൻ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി. അദ്ദേഹം ഇനി പ്രതിപക്ഷ നേതാവും ആയിരിക്കും. ഈ സാഹചര്യത്തിൽ കേരളത്തിന്‍റെ ആവശ്യങ്ങൾക്കു വേണ്ടി ഒരുമിച്ച് നിൽക്കുമെന്നും സതീശൻ പറഞ്ഞു.