Image

മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് യു.ഡി.എഫ്; കോൺഗ്രസിന് സ്പീക്കർ പദവിയും 11 മന്ത്രിമാരും, അഞ്ച് സീറ്റുകൾക്കായി ലീഗ്

Published on 15 May, 2026
മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് യു.ഡി.എഫ്; കോൺഗ്രസിന് സ്പീക്കർ പദവിയും 11 മന്ത്രിമാരും, അഞ്ച് സീറ്റുകൾക്കായി ലീഗ്

തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി നിശ്ചയിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പുതിയ മന്ത്രിസഭാ രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചകളിലേക്ക് കോൺഗ്രസും യു.ഡി.എഫും കടക്കുന്നു. മുന്നണിയിലെ ഔദ്യോഗിക ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. കോൺഗ്രസിന് മുഖ്യമന്ത്രി പദത്തിന് പുറമെ 11 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ പദവിയും ലഭിക്കാനാണ് സാധ്യത. അഞ്ച് എം.എൽ.എമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയാക്കി എത്രയും വേഗം സത്യപ്രതിജ്ഞാ നടപടികളിലേക്ക് കടക്കാനാണ് മുന്നണി ലക്ഷ്യം.

​രണ്ടാം കക്ഷിയായ മുസ്ലിം ലീഗ് അഞ്ച് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരാണ് നിലവിൽ സാധ്യത പട്ടികയിലുള്ളത്. അഞ്ചാമതൊരു സ്ഥാനം കൂടി ലഭിക്കുകയാണെങ്കിൽ കാസർകോട് നിന്നുള്ള എ.കെ.എം. അഷ്‌റഫിനെയോ കോഴിക്കോട് ജില്ലയിൽ നിന്നുള്ള പാറക്കൽ അബ്ദുള്ള, റസാഖ് മാസ്റ്റർ എന്നിവരിലൊരാളെയോ പരിഗണിച്ചേക്കും. കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടപ്പോൾ അനൂപ് ജേക്കബ് (കേരള കോൺഗ്രസ് ജേക്കബ്), സി.പി. ജോൺ (സി.എം.പി) എന്നിവരും മന്ത്രിസഭയിൽ ഇടംപിടിച്ചേക്കുമെന്നാണ് സൂചന.

​മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തിയിലുള്ള രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ഹൈക്കമാൻഡ് തലത്തിൽ സജീവമാണ്. ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളിൽ ഒന്ന് നൽകി അദ്ദേഹത്തെ മന്ത്രിസഭയുടെ ഭാഗമാക്കാനാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെയും താല്പര്യം. അതേസമയം, കെ.സി. വേണുഗോപാൽ പക്ഷം കൂടുതൽ മന്ത്രിസ്ഥാനങ്ങൾക്കായി ചർച്ചകളിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. മന്ത്രിസഭയിൽ തങ്ങളുടെ ഗ്രൂപ്പിന് വ്യക്തമായ പ്രാതിനിധ്യം ഉറപ്പാക്കി സ്വാധീനം നിലനിർത്താനാണ് വേണുഗോപാൽ വിഭാഗത്തിന്റെ നീക്കം.

​ചർച്ചകൾക്ക് നേതൃത്വം നൽകാൻ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് വി.ഡി. സതീശൻ അഭ്യർത്ഥിച്ചിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും ചർച്ചകളിൽ നേരിട്ട് പങ്കെടുക്കും. മന്ത്രിസ്ഥാനം സംബന്ധിച്ച് ഗ്രൂപ്പുകൾക്കിടയിലും ഘടകകക്ഷികൾക്കിടയിലും തർക്കങ്ങളില്ലാതെ സമവായത്തിലെത്താനാണ് ഹൈക്കമാൻഡ് പ്രതിനിധികൾ ശ്രമിക്കുന്നത്. വരും ദിവസങ്ങളിൽ തന്നെ വകുപ്പ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക