Image

ജനവികാരവും ഹൈക്കമാൻഡ് തീരുമാനവും സതീശന് അനുകൂലം; പ്രതിപക്ഷ നേതാവായി പിണറായി വരുന്നതാണ് യുഡിഎഫിന് നല്ലതെന്ന് കെ. മുരളീധരൻ

Published on 15 May, 2026
ജനവികാരവും ഹൈക്കമാൻഡ് തീരുമാനവും സതീശന് അനുകൂലം; പ്രതിപക്ഷ നേതാവായി പിണറായി വരുന്നതാണ് യുഡിഎഫിന് നല്ലതെന്ന് കെ. മുരളീധരൻ

തൃശൂർ: ജനവികാരവും കോൺഗ്രസ് നേതാക്കളുടെ പൊതുവായ നിലപാടും കണക്കിലെടുത്താണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് തിരഞ്ഞെടുത്തതെന്ന് കെ. മുരളീധരൻ. എം.എൽ.എമാർ, എം.പിമാർ, മുതിർന്ന നേതാക്കൾ എന്നിവരുടെ അഭിപ്രായം വിശദമായി കേട്ട ശേഷമാണ് അന്തിമ തീരുമാനമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ സതീശൻ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം വോട്ടർമാർ പ്രകടിപ്പിച്ചിരുന്നു. തന്റെ മണ്ഡലത്തിൽ പോയപ്പോഴും സതീശന് വേണ്ടിയുള്ള ജനവികാരം നേരിട്ട് ബോധ്യപ്പെട്ടതാണെന്നും മുരളീധരൻ തൃശൂരിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

​രമേശ് ചെന്നിത്തല മന്ത്രിസഭയിൽ വേണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും എന്നാൽ ഇക്കാര്യത്തിൽ ഹൈക്കമാൻഡും ചെന്നിത്തലയും ചേർന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയായതിനാൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാൽ ഹൈക്കമാൻഡ് ഒരു തീരുമാനം പ്രഖ്യാപിച്ചാൽ അത് അന്തിമമായിരിക്കും. ചെന്നിത്തല എക്കാലത്തും അച്ചടക്കമുള്ള പ്രവർത്തകനാണ്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അദ്ദേഹവുമായി സംസാരിച്ചതായും ചെന്നിത്തല ഹൈക്കമാൻഡ് നിർദ്ദേശം അനുസരിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

​മുസ്ലിം ലീഗിന് വഴങ്ങിയാണ് സതീശനെ നിശ്ചയിച്ചതെന്ന സി.പി.എം ആരോപണം പരാജയഭീതിയിൽ നിന്നുള്ളതാണെന്ന് മുരളീധരൻ പരിഹസിച്ചു. വീണിടത്ത് കിടന്ന് ഉരുളുന്ന സമീപനമാണ് സി.പി.എമ്മിന്റേത്. മുമ്പ് പാണക്കാട് തലയിൽ മുണ്ടിട്ടു പോയവരാണ് ഇപ്പോൾ യു.ഡി.എഫിനെ കുറ്റപ്പെടുത്തുന്നത്. ബി.ജെ.പിക്ക് കേരളത്തിൽ ഒരിടത്തും ഇടമില്ലെന്നും യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനത്തെക്കുറിച്ച് തന്നോട് ആരും സംസാരിച്ചിട്ടില്ലെന്നും വ്യക്തിപരമായ താത്പര്യങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

​പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തന്നെ വരുന്നതാണ് യു.ഡി.എഫിന് കൂടുതൽ സൗകര്യമെന്നും മുരളീധരൻ പറഞ്ഞു. പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോൾ യു.ഡി.എഫിന് 102 സീറ്റ് കിട്ടിയെങ്കിൽ, അദ്ദേഹം പ്രതിപക്ഷ നേതാവായാൽ അടുത്ത തിരഞ്ഞെടുപ്പിൽ നിയമസഭ യു.ഡി.എഫ് തൂത്തുവാരുന്ന അവസ്ഥയുണ്ടാകും. എങ്കിലും ജനാധിപത്യത്തിൽ ശക്തമായ ഒരു പ്രതിപക്ഷം ഉണ്ടാകണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും പിണറായിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക