Image

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന്; 4.17 ലക്ഷം വിദ്യാർത്ഥികൾക്ക് ഇനി ആകാംക്ഷയുടെ നിമിഷങ്ങൾ

Published on 15 May, 2026
എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന്; 4.17 ലക്ഷം വിദ്യാർത്ഥികൾക്ക് ഇനി ആകാംക്ഷയുടെ നിമിഷങ്ങൾ

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. പുതിയ മന്ത്രിസഭ അധികാരമേൽക്കാത്ത സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്നാണ് ഫലം പുറത്തുവിടുന്നത്. 4,17,497 വിദ്യാർത്ഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത്. ഫലം വൈകുന്നത് ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്ക ഉയർന്നതിനെത്തുടർന്നാണ് പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേൽക്കുന്നത് വരെ കാത്തുനിൽക്കാതെ ഫലപ്രഖ്യാപനം നടത്താൻ കെ.പി.സി.സി വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയത്.

​തിരഞ്ഞെടുപ്പ് ഫലം വന്നെങ്കിലും ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ പരീക്ഷാ ബോർഡ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും ഫലം ഉടൻ പ്രസിദ്ധീകരിക്കണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് ഇന്ന് തന്നെ പ്രഖ്യാപിക്കാൻ തീരുമാനമായത്. ഗൾഫ് മേഖലയിൽ നിന്ന് 633 കുട്ടികളും ലക്ഷദ്വീപിൽ നിന്ന് 386 പേരും ഇത്തവണ പരീക്ഷ എഴുതിയിട്ടുണ്ട്. പരീക്ഷാ നടപടികൾ പൂർത്തിയാക്കി കൃത്യസമയത്ത് തന്നെ ഫലം പുറത്തുവിടുന്നതിലൂടെ പ്ലസ് വൺ പ്രവേശന നടപടികൾ വേഗത്തിലാക്കാൻ സാധിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ.

​വൈകിട്ട് മൂന്ന് മണിക്ക് ഫലപ്രഖ്യാപനം നടന്ന ഉടൻ തന്നെ www.results.kite.kerala.gov.in എന്ന പോർട്ടലിലൂടെയും 'Saphalam KITE' എന്ന മൊബൈൽ ആപ്പിലൂടെയും റിസൾട്ട് അറിയാൻ സാധിക്കും. ക്ലൗഡ് അധിഷ്ഠിത പോർട്ടലായതിനാൽ ഒരേസമയം കൂടുതൽ പേർക്ക് തടസ്സമില്ലാതെ ഫലം പരിശോധിക്കാനാകും. വ്യക്തിഗത ഫലങ്ങൾക്ക് പുറമെ സ്കൂൾ, വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിലുള്ള റിസൾട്ട് വിശകലനങ്ങളും പോർട്ടലിൽ ലഭ്യമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും പരിഷ്കരിച്ച സഫലം ആപ്പ് ഡൗൺലോഡ് ചെയ്ത് വിദ്യാർത്ഥികൾക്ക് ഫലം വേഗത്തിൽ കണ്ടെത്താവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക