
തൃശൂർ: മുഖ്യമന്ത്രി പദവിയിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കങ്ങൾക്കൊടുവിൽ ഹൈക്കമാൻഡ് തീരുമാനത്തിന് വഴങ്ങി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും സതീശന് എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം പറഞ്ഞു. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് കോൺഗ്രസ് പ്രവർത്തകരുടെയും യുഡിഎഫ് ഘടകകക്ഷികളുടെയും പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും ചെന്നിത്തല തൃശൂരിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
പത്തു വർഷത്തെ ഇടതുമുന്നണി ഭരണത്തിൽ നിന്നും കേരളത്തിലെ ജനങ്ങളെ മോചിപ്പിക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിനുള്ളതെന്ന് ചെന്നിത്തല ഓർമ്മിപ്പിച്ചു. യുഡിഎഫ് സർക്കാരിന് ജനങ്ങളുടെ പരിപൂർണ്ണ പിന്തുണ ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പുതിയ മന്ത്രിസഭയിൽ താൻ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ആരൊക്കെ മന്ത്രിമാരാകണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ സങ്കീർണ്ണമായതിനെത്തുടർന്ന് പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാതെ ചെന്നിത്തല തലസ്ഥാനം വിട്ടിരുന്നു. ഹൈക്കമാൻഡ് തീരുമാനം വന്നതിന് പിന്നാലെ പ്രതികരണങ്ങൾക്ക് മുതിരാതെ അദ്ദേഹം ഗുരുവായൂർ ദർശനത്തിനായി തിരിക്കുകയായിരുന്നു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ മുഖ്യമന്ത്രി പദത്തിനായി ശക്തമായി നിലയുറപ്പിച്ചതാണ് പ്രഖ്യാപനം നീളാൻ കാരണമായത്.
ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാൽ പക്ഷത്തിനായിരുന്നുവെങ്കിലും, താഴെത്തട്ടിലുള്ള പ്രവർത്തകരുടെ വികാരവും പൊതുജന പിന്തുണയുമാണ് വി.ഡി. സതീശന് അനുകൂലമായത്. ഗ്രൂപ്പ് സമവാക്യങ്ങൾക്കപ്പുറം ജനവികാരം മാനിച്ചാണ് ഹൈക്കമാൻഡ് സതീശനെ നായകസ്ഥാനത്തേക്ക് നിയോഗിച്ചത്. ചെന്നിത്തല കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫിലെ നേതൃതർക്കങ്ങൾക്ക് താൽക്കാലികമായി വിരാമമായിരിക്കുകയാണ്.