Image

'കേരളം പാപ്പരെന്ന ആന്റണിയുടെ വാദം വസ്തുതാവിരുദ്ധം'; ജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കമെന്ന് കെ.എൻ ബാലഗോപാൽ

Published on 15 May, 2026
'കേരളം പാപ്പരെന്ന ആന്റണിയുടെ വാദം വസ്തുതാവിരുദ്ധം'; ജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കമെന്ന് കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: കേരളം പാപ്പരായ സംസ്ഥാനമാണെന്ന എ.കെ ആന്റണിയുടെ പ്രസ്താവന അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെയാണ് അദ്ദേഹം ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും വസ്തുതകൾ ബോധ്യപ്പെട്ടാൽ ആന്റണി പ്രസ്താവന തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ബാലഗോപാൽ പറഞ്ഞു. കേന്ദ്രസർക്കാർ കേരളത്തെ പലതരത്തിൽ ശ്വാസംമുട്ടിച്ചപ്പോഴും സംസ്ഥാനത്ത് ട്രഷറി പൂട്ടുകയോ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.

​കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ക്ഷേമ പെൻഷൻ കുടിശ്ശികയില്ലാതെയാണ് നൽകിയിരുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കുമുള്ള മുഴുവൻ ഡി.എയും ഡി.ആറും അനുവദിച്ചു നൽകിയിരുന്നു. എന്നാൽ, പുതുതായി അധികാരമേറ്റ യു.ഡി.എഫ് സർക്കാർ തങ്ങളുടെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ബുദ്ധിമുട്ടാണെന്ന് പറയുന്നത് ജനക്ഷേമ പദ്ധതികളിൽ നിന്ന് പിൻവാങ്ങാനുള്ള മുൻകൂർ ജാമ്യമാണെന്നും ബാലഗോപാൽ ആരോപിച്ചു. ജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കമായാണ് ആന്റണിയുടെ വാക്കുകളെ കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഏതാണ്ട് പൂർണ്ണമായി നടപ്പിലാക്കി പ്രോഗ്രസ്സ് റിപ്പോർട്ട് പുറത്തിറക്കിയ ചരിത്രമാണ് ഒന്നും രണ്ടും പിണറായി സർക്കാരുകൾക്കുള്ളതെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി. ആ സർക്കാരുകളുടെ തുടർച്ചയായി വന്ന യു.ഡി.എഫ് സർക്കാർ, സാമ്പത്തിക പ്രതിസന്ധി മറയാക്കി വാഗ്ദാനങ്ങളിൽ നിന്ന് പിന്മാറാനാണ് തുടക്കത്തിലേ ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക