Image

ഇറാന്റെ മേൽ സമ്മർദം ചെലുത്താൻ ചൈന യുഎസിനോടു വ്യവസ്ഥകൾ വയ്ക്കും (പിപിഎം)

Published on 15 May, 2026
 ഇറാന്റെ മേൽ സമ്മർദം ചെലുത്താൻ ചൈന യുഎസിനോടു വ്യവസ്ഥകൾ വയ്ക്കും (പിപിഎം)

ഇറാൻ യുദ്ധത്തിൽ സമഗ്രവും നീണ്ടു നിൽക്കുന്നതുമായ വെടിനിർത്തൽ സാധ്യമാക്കണമെന്നു ചൈനീസ് വിദേശകാര്യ വകുപ്പ് വെള്ളിയാഴ്ച്ച പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ചൈനയിൽ സന്ദർശനം നടത്തിക്കൊണ്ടിരിക്കെയാണ് ഈ പ്രസ്താവന വന്നത്.

"എത്രയും വേഗം സമാധാനപരമായ പരിഹാരം കണ്ടെത്തുന്നത് യുഎസിനും ഇറാനും നല്ലതാണ്. മേഖലയിലെ മറ്റു രാജ്യങ്ങൾക്കും."

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനു ഇറാന്റെ മേൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നു ട്രംപ് അതിനിടെ പറഞ്ഞു. ചർച്ചകൾ നീളുമ്പോൾ തന്റെ ക്ഷമ നശിക്കയാണെന്നും ഫോക്സ് ന്യൂസിൽ അദ്ദേഹം വ്യക്തമാക്കി.

ഇപ്പോൾ ഇറാനിൽ യുഎസ് ബന്ധപ്പെടുന്ന നേതാക്കൾ 'ന്യായം' ഉള്ളവരാണെന്നു ട്രംപ് പറഞ്ഞു. "അവർ എത്രയും വേഗം ഒരു തീർപ്പിനു തയാറാവണം. നമ്മുടെ ക്ഷമയ്ക്ക് അതിരുണ്ട്."

ചൈന പ്രതിഫലം വാങ്ങും

ചൈന ഇടപെടാൻ തയാറാണ് എന്ന സൂചനകൾ ഉള്ളതായി യുഎസ് മാധ്യമങ്ങൾ കരുതുന്നു. പ്രത്യേകിച്ച് ഹോർമുസ് വിഷയത്തിൽ. എന്നാൽ അത് അവർക്കു പ്രയോജനം ലഭിക്കാൻ വേണ്ടിയാണ് എന്നാണ് വിലയിരുത്തൽ.

മിഡിൽ ഈസ്റ്റിനെയും ലോകത്തെ ഒട്ടാകെയും ബാധിച്ച യുദ്ധം അവസാനിപ്പിക്കാൻ കഴിയുന്നതു ചെയ്യാൻ ചൈനയും തയാറാണ് എന്നതാണ് സൂചന. ഇറാനെ ചർച്ചകൾക്കു പ്രേരിപ്പിക്കാൻ അവർക്കു താല്പര്യമുണ്ട് താനും. ദുർബലമായ വെടിനിർത്തൽ ലംഘിക്കപ്പെടരുതെന്നു അവർക്കു ആഗ്രഹമുണ്ട്. ഹോർമുസ് അടഞ്ഞു കിടക്കരുതെന്നും. ആഗോള വിപണികൾ തകർന്നാൽ ചൈനയുടെ കയറ്റുമതിയും സ്തംഭനത്തിലാവും എന്നതാണ് അതിനെയൊക്കെ അടിസ്ഥാന വിഷയം.  

തായ്‌വാൻ ആണ് യുഎസ് ബന്ധങ്ങളിൽ ചൈനയ്ക്കു പ്രശ്നമെന്നു അവർ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച്ച ചർച്ചയിൽ ഷി അക്കാര്യം ട്രംപിനോടു വീണ്ടും പറഞ്ഞു. ഉച്ചകോടിയെ കുറിച്ചുള്ള ചൈനീസ് അറിയിപ്പുകളിലും അതാണ് മിഡിൽ ഈസ്റ്റിനേക്കാൾ പ്രധാന വിഷയം.

അപ്പോൾ യുഎസിനു ചൈനയുടെ സഹകരണം ആവശ്യമുണ്ടെങ്കിൽ തായ്‌വാൻ വിഷയത്തിൽ അയഞ്ഞു കൊടുക്കണം എന്ന വ്യവസ്ഥ ചൈന മുന്നോട്ടു വയ്ക്കും. തായ്‌വാന്റെ സ്വാതന്ത്ര്യത്തിൽ യുഎസ് മുറുകെ പിടിക്കുന്നത് ഇനി ഉണ്ടാവാൻ പാടില്ല.

തായ്‌വാനു $14 ബില്യൺ ആയുധങ്ങൾ അയക്കാൻ തയാറെടുക്കുന്ന യുഎസിന് അത് മാറ്റി വയ്‌ക്കേണ്ടി വരും.

ഇറാന്റെ പുരോഹിത ഭരണകൂടം നിലനിൽക്കണം എന്നതാണ് ചൈനയുടെ കാഴ്ചപ്പാട്. ഇറാൻ യുദ്ധത്തിൽ പരാജയപ്പെട്ടു എന്ന വ്യാഖ്യാനം ഉണ്ടാവാൻ അവർ കൂട്ടു നിൽക്കയുമില്ല. മിഡിൽ ഈസ്റ്റ് യുഎസിന്റെയും ഇസ്രയേലിന്റെയും പിടിയിൽ അമരുന്നത് അവർക്കു സ്വീകാര്യമല്ല.  

അതു കൊണ്ട് ചർച്ച തുടരാൻ ചൈന ഇറാനോടു നിർദേശിക്കുമെങ്കിലും ഇക്കാര്യങ്ങൾ മറന്നുള്ള നീക്കങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല.

ഇറാൻ അണ്വായുധം ഉണ്ടാക്കാൻ പാടില്ലെന്ന കാര്യത്തിൽ ട്രംപും ഷിയും യോജിച്ചു എന്ന വൈറ്റ് ഹൗസ് അറിയിപ്പിൽ പ്രത്യേകതയൊന്നും ഇല്ല. ട്രംപിന് അതൊരു നേട്ടമായി പറയാം; പക്ഷെ ചൈന ഇറാനെ കൈവിടുന്നു എന്ന വ്യാഖ്യാനം അസ്ഥാനത്താണ്.

China will extract concessions for pressing Iran 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക