
ഭാരതീയരുടെ വിശ്വാസങ്ങളെയും തൊഴിൽ കുടിയേറ്റത്തെയും ബന്ധപ്പെടുത്തി മിസ്സോറി സെനറ്റർ എറിക് ശ്മിറ്റ് നടത്തിയ പരാമർശം വിവാദമാകുന്നു. തെലങ്കാനയിലെ പ്രശസ്തമായ ചില്കൂർ ബാലാജി ക്ഷേത്രത്തെ 'വിസ കാർട്ടലിന്റെ' ഭാഗമെന്ന് വിശേഷിപ്പിച്ചതാണ് ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനിടയിലും സോഷ്യൽ മീഡിയയിലും വലിയ പ്രതിഷേധത്തിന് കാരണമായത്. യുഎസ് വർക്ക് വിസ പ്രോഗ്രാമുകളെ വിമർശിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പിലായിരുന്നു സെനറ്ററുടെ വിവാദ പരാമർശം.
ഹൈദരാബാദിന് സമീപമുള്ള ഈ ക്ഷേത്രം വിസ അഭിമുഖങ്ങൾക്കും വിദേശയാത്രകൾക്കും മുൻപായി ഭക്തർ പ്രാർത്ഥനയ്ക്കായി എത്തുന്നതിനാൽ 'വിസ ടെമ്പിൾ' എന്നാണ് ജനപ്രിയമായി അറിയപ്പെടുന്നത്. എന്നാൽ, എച്ച്-1ബി വിസ സംവിധാനത്തെ രൂക്ഷമായി എതിർക്കുന്ന ശ്മിറ്റ്, ഇതിനെ തൊഴിൽ അധിഷ്ഠിത കുടിയേറ്റ സംവിധാനത്തിലെ ദുരുപയോഗമായാണ് ചിത്രീകരിച്ചത്. ഹൈദരാബാദിലെ വിസ ക്ഷേത്രത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ പാസ്‌പോർട്ടുകൾ പൂജിക്കാനും വിസയ്ക്കായി പ്രാർത്ഥിക്കാനും എത്തുന്നത് വിസ കാർട്ടലിന്റെ ഭാഗമാണെന്നും, അമേരിക്കൻ തൊഴിലാളികൾ ഇത്തരത്തിൽ ക്രമക്കേട് നിറഞ്ഞ ഒരു സംവിധാനത്തോട് മത്സരിക്കേണ്ടി വരുന്നത് ശരിയല്ലെന്നും അദ്ദേഹം കുറിച്ചു.
വിദേശ റിക്രൂട്ട്‌മെന്റ് ശൃംഖലകളും ഷെൽ കമ്പനികളും വിസയിലെ പഴുതുകളും ഉപയോഗിച്ച് കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവരെ അമേരിക്കയിലേക്ക് എത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഒരു ഹിന്ദു ക്ഷേത്രത്തെ അപമാനിക്കുന്നതിനും ഭാരതീയരെ മോശമായി ചിത്രീകരിക്കുന്നതിനും തുല്യമാണ് സെനറ്ററുടെ വാക്കുകളെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. ഭക്തരുടെ വിശ്വാസത്തെ ഒരു ക്രിമിനൽ സംഘത്തോട് (Cartel) ഉപമിച്ചത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇന്ത്യൻ അമേരിക്കൻ വംശജർ പ്രതികരിച്ചു.