
ബെയ്‌ജിംഗിൽ പ്രസിഡന്റ് ട്രംപിന്റെ സന്ദർശനത്തിനിടയിൽ യുഎസ് ഉദ്യോഗസ്ഥരും മാധ്യമങ്ങളും നേരിട്ട ദുരിതങ്ങൾ പുറത്തു വരുന്നു. ചരിത്രമാവുന്ന സന്ദർശനമെന്നു ചൈനീസ് മാധ്യമങ്ങൾ വിശേഷിപ്പിച്ചെങ്കിലും പ്രാകൃതമായ രീതിയിലാണ് അവരുടെ സുരക്ഷാ വിഭാഗം യുഎസ് അതിഥികളെ കൈകാര്യം ചെയ്തതെന്നു വ്യക്തമാകുന്നു.
വ്യാഴാഴ്ച്ച ഉണ്ടായ സംഭവങ്ങളിൽ ചിലത് 'ന്യൂ യോർക്ക് പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു: ഒന്ന്, ഒരു വൈറ്റ് ഹൗസ് സ്റ്റാഫ് അംഗത്തെ ചൈനീസ് റിപ്പോർട്ടർമാർ ചവിട്ടി മെതിച്ചു. രണ്ട്, ഒരു യുഎസ് സീക്രട്ട് സർവീസ് ഏജന്റിനെ ഔദ്യോഗിക ചടങ്ങുകളിൽ നിന്നു മാറ്റി നിർത്തി. മൂന്ന്, ട്രംപിന്റെ വാഹനവ്യൂഹത്തെ പിന്തുടരാൻ അമേരിക്കൻ മാധ്യമങ്ങളെ അനുവദിച്ചില്ല.
വൈറ്റ് ഹൗസ് സ്റ്റാഫിനെ തള്ളിയിട്ടു ചവിട്ടിയതു രാവിലെ ട്രംപ് പ്രസിഡന്റ് ഷിയുമായി സംസാരിക്കുമ്പോഴാണ്. ചൈനീസ് മാധ്യമങ്ങൾ അവിടേക്കു തള്ളിക്കയറിയത് സ്റ്റാഫിനെ മേൽ ചവിട്ടിയാണ്.
സ്റ്റാഫിനു പരുക്കേറ്റെങ്കിലും അത് ഗുരുതരമായില്ല. സഹപ്രവർത്തകർ ഉച്ചത്തിൽ പ്രതിഷേധിച്ചു.
അടുത്ത ഏറ്റുമുട്ടൽ ഉച്ചതിരിഞ്ഞു ടെമ്പിൾ ഓഫ് ഹെവനിൽ ആയിരുന്നു. ഒരു സീക്രട്ട് സർവീസ് ഏജന്റിനെ അകത്തു കടക്കാൻ ചൈനീസ് ഉദ്യോഗസ്ഥർ അനുവദിച്ചില്ല. അദ്ദേഹത്തിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നു എന്നതാണ് കാരണം. സീക്രട്ട് സർവീസ് ഏജന്റിന് ആയുധം അനിവാര്യമാണ് എന്ന വാദം അവർ സ്വീകരിച്ചില്ല.
ഏജന്റ് ഇല്ലാതെ മുമ്പോട്ടു നീങ്ങില്ലെന്നു യുഎസ് സംഘം വാശി പിടിച്ചു. 30 മിനിറ്റോളം വാഗ്‌വാദം നീണ്ടു. ഒടുവിൽ മറ്റൊരു സീക്രട്ട് സർവീസ് ഏജന്റിനെ കൂട്ടിയാണ് സംഘം അകത്തു പോയത്.
ട്രംപ് ക്ഷേത്രത്തിൽ നിന്നു പുറപ്പെടുമ്പോൾ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തോടൊപ്പം പോകാൻ ചൈനീസ് ഉദ്യോഗസ്ഥർ റിപ്പോർട്ടർമാരെ അനുവദിച്ചില്ല. അത് അടുത്ത തർക്കത്തിനു കാരണമായി.
ഒടുവിൽ കാറിൽ കയറിയ ട്രംപ് റിപ്പോർട്ടർമാരെ കാത്തിരിക്കയാണെന്ന സന്ദേശം വന്നതോടെ "ഞങ്ങൾ പോകുന്നു" എന്ന് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ചു. അതോടെ റിപ്പോർട്ടർമാർ ഉന്തിയും തള്ളിയും മുന്നോട്ടു നീങ്ങി.
യുഎസ് റിപ്പോർട്ടർമാർക്കു ശുചിമുറികളിൽ പ്രവേശനം നിഷേധിച്ചതായും വാട്ടർ ബോട്ടിലുകൾ പിടിച്ചു വാങ്ങിയതായും പരാതി ഉണ്ടായി. ചൈനക്കാർ മേധാവിത്വം സ്ഥാപിക്കാൻ നടത്തിയ ശ്രമങ്ങൾ ആയിരുന്നു പലപ്പോഴും അതൊക്കെ.
സുരക്ഷയും പ്രതിച്ഛായയും ചൈനക്കാർക്ക് പ്രധാനപ്പെട്ട വിഷയങ്ങളാണ്. എവിടെയും നിരീക്ഷണ ക്യാമറകൾ കാണാം.
Chaos amid Trump visit to Beijing