
ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്ക് എതിരെ യുഎസിൽ നിലവിലുളള അഴിമതി കേസ് അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായി 'ന്യൂ യോർക്ക് ടൈംസ്' പത്രം റിപ്പോർട്ട് ചെയ്‌തു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭിഭാഷകരിൽ ഒരാളായ റോബർട്ട് ഗുയിഫ്രയെ അദാനി രംഗത്തിറക്കിയതോടെയാണ് ഒരു വർഷമെത്തിയ കേസ് പിൻവലിക്കാൻ ജസ്റ്റിസ് ഡിപ്പാർട്മെന്റ് തയാറായതെന്നു റിപ്പോർട്ടിൽ പറയുന്നു.
ഈയാഴ്ച്ച തന്നെ കേസ് പിൻവലിച്ചേക്കും എന്നാണ് വിവരം. സൗരോർജ കരാറുകൾ കിട്ടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്കു $265 ബില്യൺ കൈക്കൂലി നൽകാൻ ശ്രമിച്ചു എന്നും യുഎസ് നിക്ഷേപകരിൽ നിന്നു വിവരം മറച്ചു വച്ചു എന്നുമാണ് കേസിനു ആധാരമായ ആരോപണങ്ങൾ. ബ്രൂക്‌ലിനിൽ ഫെഡറൽ പ്രോസിക്യൂഷൻ കൊണ്ടുവന്ന കേസിൽ പറയുന്നത് അദാനി ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ സോളർ പ്ലാന്റാണ് ലക്‌ഷ്യം വച്ചതെന്നാണ്.
ഈ അഴിമതി മറച്ചു വച്ചാണ് അവർ $3 ബില്യണിലധികം നിക്ഷേപം വായ്‌പയും ബോണ്ടുകളുമായി സംഘടിപ്പിച്ചതെന്ന് യുഎസ് പ്രോസിക്യൂഷൻ പറയുന്നു.
2024ൽ കൊണ്ടുവന്ന ഒരു സിവിൽ തട്ടിപ്പു കേസ് പിൻവലിക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ തയാറായിട്ടുമുണ്ട്. അതിനു പക്ഷെ $15 മില്യൺ വരെ പിഴ ഉണ്ടാവാം.
ബൈഡൻ ഭരണകാലത്താണ് പ്രധാനമന്ത്രി മോദിയോട് അടുപ്പമുള്ള അദാനിക്കെതിരെ കേസ് കോടതിയിൽ എത്തിയത്. 'ടൈംസ്' റിപ്പോർട്ടിൽ പറയുന്നത് കേസ് അവസാനിപ്പിച്ചാൽ അദാനി യുഎസിൽ $10 ബില്യൺ നിക്ഷേപിക്കുമെന്നും 15,000 ജോലികൾ സൃഷ്ടിക്കുമെന്നും അഭിഭാഷകൻ ജസ്റ്റിസ് ഡിപ്പാർട്മെന്റിനു ഉറപ്പു നൽകി എന്നാണ്.
അദാനി ഗ്രൂപ്പ് ഇറാന്റെ എണ്ണ കടത്തി എന്ന ആരോപണത്തിൽ അവർ യുഎസ് ട്രഷറിക്കു $275 മില്യൺ വരെ പിഴ നൽകേണ്ട സാധ്യത മറ്റൊരു കേസിലുണ്ട്.
അദാനി ഗ്രൂപ് എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു. യുഎസ് അധികൃതരുടെ അധികാരപരിധി കടന്നുള്ള പ്രവർത്തനം അവർ നിഷേധിക്കയും ചെയ്തു.
US to drop case against Adani