
വാഷിംഗ്ടൺ: യുഎസ് സ്റ്റുഡന്റ് വിസയുടെ ഭാഗമായുള്ള ഒപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (OPT) ആനുകൂല്യം ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യക്കാരടക്കം പതിനായിരത്തോളം വിദേശ വിദ്യാർത്ഥികൾ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ (ICE) നിരീക്ഷണത്തിലാണ്.
വിദേശ വിദ്യാർത്ഥികൾക്ക് പഠനശേഷം അമേരിക്കയിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന ഈ സംവിധാനം ഉപയോഗിച്ച് പലരും വ്യാജ കമ്പനികളുടെ പേരിൽ രേഖകളുണ്ടാക്കി രാജ്യത്ത് തുടരുന്നതായാണ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്. ഫെഡറൽ അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പല വിദ്യാർത്ഥികളും രേഖകളിൽ കാണിച്ച സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നില്ലെന്ന് വ്യക്തമായി. ഈ തട്ടിപ്പുകളിൽ പലതും ഇന്ത്യയിലിരിക്കുന്ന വ്യക്തികൾ വഴിയാണ് നിയന്ത്രിക്കപ്പെടുന്നതെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പരിശീലനത്തിനായി കുറഞ്ഞ ആളുകൾക്ക് വേണ്ടി തുടങ്ങിയ ഈ സംവിധാനം ഇപ്പോൾ ചാരവൃത്തിക്കും വിസ തട്ടിപ്പിനുമുള്ള വഴിയായി മാറുകയാണെന്നും, രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഐസിഇ ആക്ടിംഗ് ഡയറക്ടർ ടോഡ് ലിയോൺസ് മുന്നറിയിപ്പ് നൽകി. അമേരിക്കൻ ജനതയുടെ സന്മനസ്സിനെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.