
ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ മുഖ്യമന്ത്രി വിജയ്യുടെ നേതൃത്വത്തിലുള്ള ടി.വി.കെ. സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്തതിനെത്തുടര്‍ന്ന് അണ്ണാ ഡി.എം.കെ.യില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ടുചെയ്ത എസ്.പി. വേലുമണി, സി.വി. ഷണ്മുഖം എന്നിവരുള്‍പ്പെടെ 29 നേതാക്കളെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി (ഇ.പി.എസ്.) പുറത്താക്കി. മുന്‍മന്ത്രിമാരായ ആര്‍. കാമരാജ്, സി. വിജയഭാസ്‌കര്‍, പി. തങ്കമണി തുടങ്ങി മുതിര്‍ന്ന നേതാക്കളും പുറത്താക്കിയവരുടെ പട്ടികയിലുണ്ട്.
234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയില്‍ 108 സീറ്റുകള്‍ നേടിയ വിജയ്യുടെ സര്‍ക്കാരിന് കേവല ഭൂരിപക്ഷത്തിന് കുറഞ്ഞ സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍, മുസ്ലിംലീഗ് എന്നിവരുടെ പിന്തുണയ്‌ക്കൊപ്പം അണ്ണാ ഡി.എം.കെ.യിലെ വിമത വിഭാഗംകൂടി വോട്ടുചെയ്തതോടെ 144 വോട്ടുകള്‍ നേടി സര്‍ക്കാര്‍ ഭൂരിപക്ഷം
തെളിയിച്ചു. അണ്ണാ ഡി.എം.കെ.യുടെ 47 എം.എല്‍.എ.മാരില്‍ 25 പേരാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം തള്ളി സര്‍ക്കാരിനെ പിന്തുണച്ചത്.