
പാലക്കാട് : പാലക്കാട് മലമ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. അകമലവാരം സ്വദേശി ചന്ദ്രനാണ് മരിച്ചത്. വീടിന് സമീപത്തുള്ള പുളിഞ്ചോടില്‍ കിടന്നുറങ്ങുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ചന്ദ്രന്റെ ഒപ്പം രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നു. ഇവര്‍ ഓടി രക്ഷപ്പെട്ടു. ചന്ദ്രന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
പുലര്‍ച്ചെ 3.50 ഓടെയാണ് മലമ്പുഴ വെള്ളെഴുതാംപ്പൊറ ആദിവാസി ഉന്നതിയിലെ ചന്ദ്രനെ കാട്ടാന ആക്രമിച്ചത്. ആനയുടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങി നോക്കുമ്പോഴാണ് ചന്ദ്രനെ കാട്ടാന ആക്രമിക്കുന്നത് കണ്ടതെന്ന് ബന്ധു അഭിനവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ആക്രമണം നടന്ന മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചന്ദ്രനും സുഹൃത്തുക്കളും വീട്ടില്‍നിന്ന് 50 മീറ്റര്‍ ദൂരത്താണ് കിടന്നുറങ്ങിയിരുന്നത്. പ്രദേശത്ത് കൂടുതല്‍ പരിശോധന നടത്തുകയാണെന്ന് ഒലവക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കൃഷ്ണദാസ് അറിയിച്ചു. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ് ആയിരുന്നു ചന്ദ്രന്‍.