
ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവിനെ തിരഞ്ഞെടുക്കാന്‍ ഇന്ന് എംഎല്‍എമാരുടെ യോഗം നടക്കാനിരിക്കേ ഡല്‍ഹിയിലും അസാധാരണ നീക്കം. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ രാവിലെ രാഹുല്‍ ഗാന്ധി വിളിപ്പിച്ചു. രാവിലെ 8.45 ഓടെയാണ് കെ.സി അടിയന്തരമായി രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പുറപ്പെട്ടത്. നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ച ആയിരുന്നില്ല അത്. കെ.സിയുടെ ഡ്രൈവര്‍ പോലും ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. പേഴ്‌സണ്‍ല്‍ അസിസ്റ്റന്റിനൊപ്പമാണ് കെ.സി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയത്.
മുഖ്യമന്ത്രി ആയി ആരെയാണ് നിശ്ചയിച്ചതെന്ന് വേണുഗോപാലിനെ നേരിട്ട് അറിയിക്കുന്നതിനാണ് രാഹുല്‍ ഗാന്ധി വിളിപ്പിച്ചതെന്ന് സൂചനയുണ്ട്. ഇന്ന് ഒരു മണിക്കാണ് നിയമസഭാ കക്ഷിയോഗം ഇന്ദിരാഭവനില്‍ ചേരുന്നത്. രണ്ട് മണിക്ക് ഘടകകക്ഷികളുടെ യോഗവും വിളിച്ചിട്ടുണ്ട്. യോഗങ്ങളില്‍ പങ്കെടുക്കാന്‍ വി.ഡി സതീശന്‍ ആലുവയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
അതിനിടെ, ഒരുമണിയോടെ തിരുവനന്തപുരത്ത് എത്തുന്ന വിധത്തില്‍ ഡല്‍ഹിയില്‍ നിന്ന് ഒരു ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സൂചനയുണ്ട്. എഐസിസി നിരീക്ഷകര്‍ക്കൊപ്പം കെ.സി വേണുഗോപാലും തിരുവനന്തപുരത്ത് എത്തിയേക്കുമെന്നും വിവരമുണ്ട്.