
ന്യുഡല്‍ഹി: ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ടിവികെ എംഎല്‍എയെ വിശ്വാസവോട്ടില്‍ നിന്ന് വിലക്കിയ മദ്രാസ് ഹൈക്കോടതി നടപടി സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ഇടപെടല്‍ 'ക്രൂരത' എന്ന അപലപിച്ചാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്.
ടിവികെ എംഎല്‍എ ആര്‍.ശ്രീനിവാസ സേതുപതിയാണ് ഹൈക്കോടതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റീസ് സൂര്യകാന്തിന്റെ ബെഞ്ചാണ് സ്‌റ്റേ ചെയ്തത്. സേതുപതിക്കു വേണ്ടി അഭിഷേക് സിംഗ്‌വിയാണ് സ്‌പെഷ്യല്‍ ലീവ് പെറ്റീഷനില്‍ ഹാജരായത്. ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കും. ഹൈക്കോടതിയില്‍ പരിഗണനയിലുള്ള ഹര്‍ജിയിലെ മറ്റു വിഷയങ്ങളും കോടതി സ്‌റ്റേ ചെയ്തു.
തിരഞ്ഞെടുപ്പ് കേസില്‍ റിട്ട് പെറ്റീഷന്‍ നല്‍കിയ ഡിഎംകെ നേയാവ് കെ.ആര്‍ പെരിയകറുപ്പിന്റെ നടപടിയെയും സുപ്രീം കോടതി ചോദ്യം ചെയ്തു. പെരിയകറുപ്പിനു വേണ്ടി മുകുള്‍ റോത്തഗിയാണ് ഹാജരായത്. ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനും കോടതി നിര്‍ദേശിച്ചു.
തിരുപ്പട്ടൂര്‍ മണ്ഡലത്തില്‍ നിന്ന് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സേതുപതി വിജയിച്ചത്. പോസ്റ്റല്‍ വോട്ട് എണ്ണുന്നതില്‍ കൃത്രിമം നടന്നുവെന്ന് കാണിച്ചാണ് പെരിയകറുപ്പ് ഹൈക്കോടതിയെ സമീപിച്ച് സേതുപതിക്കെതിരെ ഉത്തരവ് വാങ്ങിയത്. നിയമസഭയിലെ ഒരു വോട്ടെടുപ്പിലും പങ്കെടുക്കാന്‍ പാടില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിലക്ക്.