
തിരുവനന്തപുരം: കേരളത്തിൽ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ തുടരുന്ന തർക്കങ്ങളെ നർമ്മത്തിൽ ചാലിച്ച് തമിഴ് നടനും സംവിധായകനുമായ ആർ.ജെ. ബാലാജി. സൂര്യ നായകനായ പുതിയ ചിത്രം 'കറുപ്പി'ന്റെ പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കവെയായിരുന്നു ബാലാജിയുടെ പരാമർശം. ഒരേ പാർട്ടിയിൽ നിന്ന് തന്നെ നിരവധി പേർ മുഖ്യമന്ത്രി കസേരയ്ക്കായി മത്സരിക്കുന്ന കേരളത്തിലെ സാഹചര്യം തമിഴ്‌നാട്ടിലെ മുൻകാല രാഷ്ട്രീയ സാഹചര്യങ്ങളുമായി താരതമ്യം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ ട്രോൾ.
തമിഴ്‌നാട്ടിൽ മുൻപ് വിവിധ പാർട്ടികളിൽ നിന്നുള്ളവർ മുഖ്യമന്ത്രിയാകാൻ ശ്രമിച്ചിരുന്നെങ്കിൽ കേരളത്തിൽ ഇപ്പോൾ ഒരേ പാർട്ടിയിൽ നിന്നുള്ളവരാണ് അതിനായി മത്സരിക്കുന്നതെന്ന് ബാലാജി പറഞ്ഞു. "ഞങ്ങൾക്ക് ഒരു നല്ല മുഖ്യമന്ത്രിയെ കിട്ടി, നിങ്ങൾക്കും വേഗം ഒരു നല്ല മുഖ്യമന്ത്രിയെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു" എന്ന അദ്ദേഹത്തിന്റെ വാക്കുകൾ സദസ്സിൽ ചിരിപടർത്തി. കേരളത്തിനും തമിഴ്‌നാടിനുമിടയിൽ ഒട്ടേറെ സാമ്യതകളുണ്ടെന്നും അതിലൊന്ന് സൂര്യയോടുള്ള സ്നേഹമാണെന്നും തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
സൂര്യയും തൃഷയും രണ്ട് പതിറ്റാണ്ടിന് ശേഷം ഒന്നിക്കുന്ന 'കറുപ്പ്' മെയ് 14-ന് തിയേറ്ററുകളിലെത്തും. പ്രശസ്ത തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രൻസ്, സ്വാസിക, ശിവദ തുടങ്ങിയ മലയാളി താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഐ.എം.പി ഫിലിംസാണ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. ചടങ്ങിൽ സൂര്യ, കാർത്തിക് സുബ്ബരാജ് തുടങ്ങി ചിത്രത്തിലെ പ്രധാന അണിയറ പ്രവർത്തകരും പങ്കെടുത്തിരുന്നു.