
കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ഹൈക്കമാൻഡ് ചർച്ചകളിൽ കെ.സി. വേണുഗോപാലിന് മുൻതൂക്കമുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, കോൺഗ്രസിനുള്ളിൽ പടയൊരുക്കം ശക്തമാകുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തെ പരിഹസിച്ച് ശബരിമല സ്വർണ്ണക്കവർച്ചാ കേസിലെ പഴയ പാരഡി ഗാനത്തിന്റെ ചുവടുപിടിച്ചുള്ള പുതിയ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 'കെസിയെ കേറ്റിയേ... കേരളമാകെ നാറ്റിയേ...' എന്ന് തുടങ്ങുന്ന ഗാനം നിമിഷനേരം കൊണ്ടാണ് വൈറലായത്.
വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന വികാരം ശക്തമായിരിക്കെ, വേണുഗോപാലിന്റെ കടന്നുവരവിനെതിരെ അണികൾക്കിടയിലുള്ള പ്രതിഷേധമാണ് പാട്ടിലൂടെ പുറത്തുവരുന്നത്. "പാര പണിഞ്ഞത് ആരപ്പാ... ഗോപാൽജിയാ അയ്യപ്പാ... ഉന്നം വെച്ചത് ആർക്കപ്പാ... വി.ഡി.എസിനെ തന്നപ്പാ..." എന്നിങ്ങനെ നീളുന്ന വരികൾ കോൺഗ്രസ് ഗ്രൂപ്പ് പോരിന്റെ ആഴം വ്യക്തമാക്കുന്നതാണ്. മുൻപ് എൽ.ഡി.എഫ് സർക്കാരിനെതിരെ നിയമസഭയിലടക്കം കോൺഗ്രസ് ആയുധമാക്കിയ അതേ പാരഡി ഗാനം ഇപ്പോൾ പാർട്ടിക്കെതിരെ തന്നെ തിരിഞ്ഞത് നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ പക്ഷങ്ങൾ കടുത്ത സമ്മർദ്ദമാണ് ഹൈക്കമാൻഡിന് മേൽ ചെലുത്തുന്നത്. ജനവിധിയെ അട്ടിമറിച്ച് പാര പണിയുന്ന നീക്കമാണ് കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് സതീശൻ അനുകൂലികൾ ആരോപിക്കുന്നു. തർക്കം രൂക്ഷമായതോടെ മുഖ്യമന്ത്രി പ്രഖ്യാപനം വീണ്ടും വൈകാനാണ് സാധ്യത. ഗ്രൂപ്പ് വൈരം തെരുവിലേക്കും സൈബർ ഇടങ്ങളിലേക്കും പടരുന്നത് മുന്നണിയുടെ ആത്മവിശ്വാസത്തെയും ബാധിച്ചിട്ടുണ്ട്.