Image

​നീതി തേടി ഹൈക്കോടതിയിലേക്ക്; അതിജീവിതയ്ക്കായി കൈകോർത്ത് സിവിൽ സമൂഹം, ധനസമാഹരണം തുടങ്ങി

Published on 13 May, 2026
​നീതി തേടി ഹൈക്കോടതിയിലേക്ക്; അതിജീവിതയ്ക്കായി കൈകോർത്ത് സിവിൽ സമൂഹം, ധനസമാഹരണം തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്ത് അതിജീവിത ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നു. കേസിലെ ഗൂഢാലോചനാ കുറ്റം തള്ളിയതിനെതിരെയും പ്രതികളെ വെറുതെ വിട്ടതിനെതിരെയും നിയമപോരാട്ടം തുടരാനാണ് തീരുമാനം. ഇതിന് മുന്നോടിയായി കേസ് നടത്തിപ്പിന് ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കാൻ 'അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ്' രൂപീകരിച്ച് പൊതുസമൂഹത്തിൽ നിന്ന് ധനസമാഹരണം ആരംഭിച്ചു. ഡബ്ല്യു.സി.സി (WCC) ഉൾപ്പെടെയുള്ള സംഘടനകൾ ഈ ഉദ്യമത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

​2025 ഡിസംബറിൽ വിചാരണക്കോടതി പുറപ്പെടുവിച്ച വിധിയിൽ ക്വട്ടേഷൻ സംഘത്തെ ശിക്ഷിച്ചെങ്കിലും, ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട നടൻ ദിലീപ് ഉൾപ്പെടെയുള്ള നാല് പേരെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി വെറുതെ വിട്ടിരുന്നു. ഈ വിധി അന്യായമാണെന്നും നീതി നിഷേധിക്കപ്പെട്ടുവെന്നുമാണ് അതിജീവിതയുടെയും ട്രസ്റ്റിന്റെയും നിലപാട്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ ഹൈക്കോടതിയിൽ അതിജീവിതയെ പ്രതിനിധീകരിക്കും. സർക്കാർ ഇതിനോടകം തന്നെ കേസിൽ അപ്പീൽ ഫയൽ ചെയ്തിട്ടുണ്ട്.

​ലൈംഗികാക്രമണ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ടതും ഹാഷ് വാല്യൂ മാറിയതുമായ വിഷയത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും ട്രസ്റ്റ് ശക്തമായി ഉന്നയിക്കുന്നുണ്ട്. സ്വകാര്യതയുടെയും മൗലികാവകാശങ്ങളുടെയും ലംഘനമായ ഈ കുറ്റകൃത്യത്തിൽ ശരിയായ അന്വേഷണം മുളയിലേ നുള്ളിയെന്ന് ട്രസ്റ്റ് ആരോപിക്കുന്നു. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഗൗരവമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രണ്ടാമതൊരു ഹർജിയും കോടതിയിൽ സമർപ്പിക്കും.

​അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ കേസിൽ അതിജീവിതയ്ക്ക് താങ്ങാവേണ്ടത് സിവിൽ സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ട്രസ്റ്റ് വ്യക്തമാക്കി. ഉന്നത കോടതികളിലെ നിയമപോരാട്ടത്തിന് വലിയ സാമ്പത്തിക ചെലവ് വരുമെന്നതിനാലാണ് കോഴിക്കോട് ആസ്ഥാനമായ ട്രസ്റ്റ് സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. ഈ നിയമപോരാട്ടം അതിജീവിതയുടെ വ്യക്തിപരമായ ആവശ്യം മാത്രമല്ല, മറിച്ച് സ്ത്രീകളുടെ സുരക്ഷയ്ക്കും നീതിക്കും വേണ്ടിയുള്ള പൊതുസമൂഹത്തിന്റെ പോരാട്ടമാണെന്നും 'അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ്' പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക