
കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നടി അൻസിബ ഹസൻ രാജിവച്ചു. കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് അൻസിബയുടെ രാജി അംഗീകരിച്ചത്. വ്യക്തിപരമായ കാരണങ്ങളാലും ഔദ്യോഗിക തിരക്കുകൾ മൂലവുമാണ് രാജിയെന്ന് സംഘടനയുടെ പ്രസിഡന്റ് ശ്വേത മേനോൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ശ്വേത മേനോൻ പ്രസിഡന്റായി ചുമതലയേറ്റ ഭരണസമിതിയിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക ഭാരവാഹിയായിരുന്നു അൻസിബ.
തൊഴിൽപരമായ തിരക്കുകൾ കാരണം സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ സാധിക്കാത്തതിനാലാണ് ഒഴിയുന്നതെന്ന് അൻസിബ അറിയിച്ചതായി ശ്വേത മേനോൻ പറഞ്ഞു. ഫെബ്രുവരി 21-ന് തന്നെ അൻസിബ രാജിക്കത്ത് നൽകിയിരുന്നു. സംഘടനയ്ക്കായി സമയം നീക്കിവെക്കാൻ കഴിയാത്ത സാഹചര്യത്തിൽ പദവിയിൽ തുടരുന്നത് ഉചിതമല്ലെന്ന നിലപാടിലായിരുന്നു താരം. യോഗത്തിനിടെ അൻസിബയുമായി ഫോണിൽ സംസാരിച്ച ശേഷമാണ് എക്സിക്യൂട്ടീവ് കമ്മിറ്റി രാജി ഔദ്യോഗികമായി അംഗീകരിച്ചത്.
സംഘടനയ്ക്കുള്ളിൽ ഉയർന്ന പീഡനാരോപണങ്ങളിലും എക്സിക്യൂട്ടീവ് കമ്മിറ്റി നിർണ്ണായക തീരുമാനമെടുത്തു. ‘അമ്മ’യിലെ ഒരു വനിതാ ജീവനക്കാരി ട്രഷറർ ഉണ്ണി ശിവപാലിനെതിരെ ഉന്നയിച്ച തൊഴിൽ പീഡന പരാതി യോഗത്തിൽ ഗൗരവമായി ചർച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഉണ്ണി ശിവപാലിനെ ട്രഷറർ സ്ഥാനത്തുനിന്ന് നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചതായി പ്രസിഡന്റ് അറിയിച്ചു. പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിനെ (ICC) ചുമതലപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീപക്ഷ നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കുന്ന 'അമ്മ'യിൽ പരാതികൾക്ക് കൃത്യമായ പരിഗണന ലഭിക്കുമെന്ന് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ വ്യക്തമാക്കി. സിനിമാ രംഗത്തെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും നേതൃത്വം ഉറപ്പുനൽകി. അൻസിബയുടെ രാജിക്ക് പിന്നാലെ സംഘടനയുടെ സുഗമമായ പ്രവർത്തനത്തിനായി പുതിയ ഭാരവാഹിയെ കണ്ടെത്തുന്ന കാര്യവും വരും ദിവസങ്ങളിൽ ചർച്ചയായേക്കും.