
കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ സൈബർ ആക്രമണം. മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് മരിച്ച വിദ്യാർത്ഥികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചും നഷ്ടപരിഹാരത്തിനായി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും വേണുഗോപാൽ പങ്കുവെച്ച കുറിപ്പിന് താഴെയാണ് അധിക്ഷേപങ്ങളും വിമർശനങ്ങളുമായി ആയിരക്കണക്കിന് ആളുകൾ രംഗത്തെത്തിയത്. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് വേണുഗോപാൽ തരംതാണ കളി കളിക്കുകയാണെന്നാണ് പ്രധാന വിമർശനം.
വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന വികാരം ശക്തമായിരിക്കെ, വേണുഗോപാലിന്റെ ഭരണപരമായ ഇടപെടൽ പ്രവർത്തകരെ പ്രകോപിതരാക്കിയിട്ടുണ്ട്. "ഈ മിന്നൽ നിന്റെ തലയിൽ വീണിരുന്നെങ്കിൽ എന്ന് കൊതിച്ചുപോയി", "ചതിയന്റെ ആദരാഞ്ജലികൾ ആ പിള്ളേരുടെ ആത്മാവ് പോലും പൊറുക്കില്ല" എന്നിങ്ങനെയുള്ള കടുത്ത അധിക്ഷേപങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് താനില്ല എന്നൊരു വാക്ക് വേണുഗോപാൽ പറയുന്നതിനായി കേരളം കാതോർക്കുകയാണെന്നും, സതീശനെ മാറ്റി മറ്റാരെ തീരുമാനിച്ചാലും അത് കേരളത്തിൽ കോൺഗ്രസിന്റെ അവസാനമായിരിക്കുമെന്നും പലരും മുന്നറിയിപ്പ് നൽകുന്നു.
പത്ത് വർഷം കൊണ്ട് പിണറായി വിജയൻ വാങ്ങിക്കൂട്ടിയ ശാപം ഒരാഴ്ച കൊണ്ട് വേണുഗോപാൽ സമ്പാദിച്ചുവെന്നും കോൺഗ്രസിനെയും ഇന്ത്യയെയും നശിപ്പിക്കരുതെന്നുമുള്ള രൂക്ഷമായ പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെയുള്ളത്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ വേണുഗോപാലിനെ എവിടെ മത്സരിപ്പിച്ചാലും പരാജയപ്പെടുത്തുമെന്നും ചിലർ കുറിച്ചു. വി.ഡി. സതീശനായി മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളും അണികളും പരസ്യമായി രംഗത്തിറങ്ങിയ സാഹചര്യത്തിൽ, വേണുഗോപാലിനെതിരെയുള്ള ഈ സൈബർ പ്രതിഷേധം പാർട്ടി നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്.