Image

പുതുച്ചേരിയിൽ രംഗസ്വാമി സർക്കാർ അധികാരമേറ്റു; അഞ്ചാം തവണയും മുഖ്യമന്ത്രിയായി റെക്കോർഡിട്ട് 'മക്കൾ മുഖ്യമന്ത്രി'

Published on 13 May, 2026
പുതുച്ചേരിയിൽ രംഗസ്വാമി സർക്കാർ അധികാരമേറ്റു; അഞ്ചാം തവണയും മുഖ്യമന്ത്രിയായി റെക്കോർഡിട്ട് 'മക്കൾ മുഖ്യമന്ത്രി'

പുതുച്ചേരി: പുതുച്ചേരിയിൽ എൻ. രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അധികാരമേറ്റു. പുതുച്ചേരി മുഖ്യമന്ത്രിയായി അഞ്ചാം തവണയാണ് എൻ.ആർ കോൺഗ്രസ് നേതാവ് രംഗസ്വാമി ചുമതലയേൽക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ ബി.ജെ.പി എം.എൽ.എ എ. നമശിവായം, എൻ.ആർ കോൺഗ്രസ് എം.എൽ.എ മല്ലാടി കൃഷ്ണ റാവു എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പുതുച്ചേരി ലോക് നിവാസിൽ നടന്ന ചടങ്ങിൽ ലഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

​തുടർച്ചയായ രണ്ടാം തവണയാണ് എൻ. രംഗസ്വാമി മുഖ്യമന്ത്രി പദവിയിലെത്തുന്നത്. അഞ്ചു തവണ മുഖ്യമന്ത്രിയാകുന്ന ആദ്യ നേതാവെന്ന റെക്കോർഡും ഇതോടെ അദ്ദേഹം സ്വന്തമാക്കി. കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയുടെ ഭരണചക്രം തിരിക്കാൻ ബി.ജെ.പി-എൻ.ആർ കോൺഗ്രസ് സഖ്യത്തിന് ജനങ്ങൾ വ്യക്തമായ ഭൂരിപക്ഷമാണ് ഇത്തവണ നൽകിയത്. ലളിതമായ ചടങ്ങിൽ ഗവർണർക്കും പ്രമുഖ നേതാക്കൾക്കും പുറമെ നിരവധി പ്രവർത്തകരും സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ചു.

​നിയമസഭയിൽ രംഗസ്വാമിയുടെ ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസിന് 12 എം.എൽ.എമാരാണുള്ളത്. സഖ്യകക്ഷിയായ ബി.ജെ.പിക്ക് നാല് അംഗങ്ങളുണ്ട്. എ.ഐ.എ.ഡി.എം.കെ, ലച്ചിയ ജനനായക കച്ചി എന്നിവർക്ക് ഓരോ എം.എ.ൽ.എമാർ വീതവുമുണ്ട്. നിലവിൽ മൂന്ന് അംഗങ്ങളാണ് മന്ത്രിസഭയിൽ ഉള്ളതെങ്കിലും വരും ദിവസങ്ങളിൽ സമുദായ-മേഖലാ സമവാക്യങ്ങൾ പരിഗണിച്ച് മൂന്ന് മന്ത്രിമാരെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാനാണ് എൻ.ഡി.എ നേതൃത്വത്തിന്റെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക