
എവര്‍മാന്‍ (ടെക്‌സസ്): നോര്‍ത്ത് ടെക്‌സസില്‍ കൊല്ലപ്പെട്ട ആറുവയസ്സുകാരന്‍ നോയല്‍ റോഡ്രിഗസ് അല്‍വാരസിന്റെ മൃതദേഹത്തിനായി എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ വീണ്ടും തിരച്ചില്‍ ആരംഭിച്ചു. കുട്ടിയുടെ മാതാവും കൊലപാതകക്കേസിലെ പ്രതിയുമായ സിണ്ടി റോഡ്രിഗസ് സിംഗിന്റെ എവര്‍മാനിലെ വീടിന്റെ പിന്‍മുറ്റമാണ് ചൊവ്വാഴ്ച ഉദ്യോഗസ്ഥര്‍ കുഴിച്ചു പരിശോധിക്കുന്നത്.
എക്‌സ്‌കവേറ്ററുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ചാണ് എഫ്.ബി.ഐ തിരച്ചില്‍ നടത്തുന്നത്. മൃതദേഹങ്ങള്‍ മണത്തുപിടിക്കാന്‍ പരിശീലനം ലഭിച്ച നായ്ക്കളും പരിശോധനയില്‍ പങ്കുചേരുന്നുണ്ട്. നേരത്തെ നടന്ന പരിശോധനയില്‍ ഇവിടെ മനുഷ്യശരീരത്തിന്റെ ഗന്ധം നായ്ക്കള്‍ തിരിച്ചറിഞ്ഞിരുന്നു.
2022 ഒക്ടോബറിലാണ് നോയലിനെ അവസാനമായി കണ്ടത്. ഭിന്നശേഷിക്കാരനായ മകനെ സിണ്ടി കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനം. മകനെ കാണാതായതോടെ ഇവര്‍ കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് കടന്നുകളഞ്ഞിരുന്നു.
എഫ്.ബി.ഐയുടെ 'ഏറ്റവും കൂടുതല്‍ തിരയുന്ന കുറ്റവാളികളുടെ' പട്ടികയില്‍ ഇടംപിടിച്ച സിണ്ടിയെ 2025 ആഗസ്റ്റില്‍ ഇന്ത്യയില്‍ വെച്ച് അറസ്റ്റ് ചെയ്യുകയും പിന്നീട് അമേരിക്കയ്ക്ക് കൈമാറുകയും ചെയ്തു.
മാനസികാരോഗ്യം മോശമായതിനാല്‍ സിണ്ടി വിചാരണ നേരിടാന്‍ യോഗ്യയല്ലെന്ന് കഴിഞ്ഞ മാസം കോടതി വിധിച്ചിരുന്നു. നിലവില്‍ ഇവര്‍ സ്റ്റേറ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
നോയലിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 'നീതി ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ വഴികളും പരിശോധിക്കുകയാണ്,' എന്ന് എവര്‍മാന്‍ പോലീസ് ചീഫ് അല്‍ ബ്രൂക്‌സ് പറഞ്ഞു. സിണ്ടിയുടെ ഭര്‍ത്താവിനെ കണ്ടെത്താന്‍ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം തുടരുകയാണ്.