Image

പാക്കിസ്ഥാനെ എങ്ങിനെ വിശ്വസിക്കുമെന്ന് ട്രംപിനോട് അടുപ്പമുള്ള സെനറ്റർ ഗ്രെയം (പിപിഎം)

Published on 13 May, 2026
 പാക്കിസ്ഥാനെ എങ്ങിനെ വിശ്വസിക്കുമെന്ന് ട്രംപിനോട് അടുപ്പമുള്ള സെനറ്റർ ഗ്രെയം (പിപിഎം)


ഇറാൻ യുദ്ധം തീർക്കാനുള്ള ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാനിൽ എങ്ങിനെ വിശ്വാസമർപ്പിക്കും എന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപുമായി ഉറ്റ ബന്ധമുള്ള റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രെയം ചോദിക്കുന്നു. ഇറാന്റെ യുദ്ധ വിമാനങ്ങൾ പാർക്ക് ചെയ്യാൻ പാക്കിസ്ഥാൻ അവരുടെ സൈനിക താവളം വിട്ടു കൊടുത്തു എന്നു സ്ഥിരീകരണം ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ ചോദ്യം. 

യുദ്ധത്തിന് $1.5 ട്രില്യൺ ആവശ്യപ്പെട്ടു ട്രംപ് ഭരണകൂടം സമർപ്പിച്ച അഭ്യർഥനയിൽ സെനറ്റ് സബ് കമ്മിറ്റിയിൽ നടന്ന വിചാരണയിലാണ് ഗ്രെയം ജോയിന്റ് ചീഫ്‌സ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ, സെക്രട്ടറി ഓഫ് വാർ പീറ്റ് ഹേഗ്സേഥ് എന്നിവരോട് ഇക്കാര്യം ആരാഞ്ഞത്.

"ഇറാൻ വിമാനങ്ങൾ പാർക്ക് ചെയ്യാൻ പാക്കിസ്ഥാൻ അവരുടെ താവളങ്ങൾ നൽകുന്നുവെന്ന് നിങ്ങൾക്കറിയാമോ?" കെയ്നോടു സെനറ്റർ ചോദിച്ചു. കെയ്ൻ പറഞ്ഞു: "സർ, ഞാൻ അങ്ങിനെയൊരു റിപ്പോർട്ട് കണ്ടു."

റിപ്പോർട്ട് കൃത്യമാണോ എന്നു ഗ്രെയം ചോദിച്ചപ്പോൾ കെയ്ൻ മറുപടി നൽകിയില്ല. വിശദമായി പറയാൻ വിഷയത്തിന്റെ രഹസ്യ സ്വഭാവം അനുവദിക്കുന്നില്ല എന്നദ്ദേഹം പറഞ്ഞു. യുദ്ധം തീർക്കാനുള്ള ചർച്ചകൾ പാക്ക് മധ്യസ്ഥതയിൽ നടക്കുകയുമാണ്.

"പാക്കിസ്ഥാന്റെ പ്രവർത്തനം സമാധാനം ഉണ്ടാക്കാൻ ശ്രമിക്കുന്ന മധ്യസ്ഥനു ചേർന്നതാണോ?" ഗ്രെയം ചോദിച്ചു. കെയ്ൻ വീണ്ടും നേരിട്ടൊരു മറുപടി ഒഴിവാക്കി.

ഹേഗ്സേത്തും ആരോപണത്തെ കുറിച്ചു നേരിട്ടു പ്രതികരിച്ചില്ല. "ചർച്ചയ്ക്കിടയിൽ അതേപ്പറ്റി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല."

എന്നാൽ ഗ്രെയം വിമർശനം കടുപ്പിച്ചു. "പാക്കിസ്ഥാനെ വിശ്വസിക്കാൻ ഞാൻ തയാറല്ല. ഇറാന്റെ സൈനിക ആസ്തികൾ സംരക്ഷിക്കാൻ വിമാനങ്ങൾക്ക് താവളങ്ങൾ വിട്ടു കൊടുത്തെങ്കിൽ അവർ തീർച്ചയായും മധ്യസ്ഥരാവാൻ യോഗ്യരല്ല. മറ്റാരെയെങ്കിലും കണ്ടെത്തണം. ചർച്ചകൾ എങ്ങും എത്താത്തതിന്റെ കാരണം വ്യക്തമാണ്."

ഇറാനുമായി ബന്ധമുള്ള ചൈനയുമായി പാക്കിസ്ഥാൻ അടുപ്പത്തിലാണ് എന്നതും സെനറ്റർ ചൂണ്ടിക്കാട്ടി. "ഇറാൻ എണ്ണ വൻ തോതിലാണ് ചൈന വാങ്ങുന്നത്," ഹേഗ്സേഥ് സമ്മതിച്ചു.

ഇറാനെയും യുക്രൈൻ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യയെയും ചൈന സഹായിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയ ഗ്രെയം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നു എന്നതിന്റെ പേരിൽ ട്രംപ് തീരുവ ചുമത്തിയത് ചൂണ്ടിക്കാട്ടി. "അതിനു ഫലമുണ്ടായി എന്നാണ് എന്റെ വിശ്വാസം."

US senator questions Pakistan’s credibility as ‘mediator’

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക