Image

ഏദനിലെ താമസക്കാർ (നോവല്‍-15: ലൈല അലക്‌സ്)

Published on 12 May, 2026
ഏദനിലെ താമസക്കാർ (നോവല്‍-15: ലൈല അലക്‌സ്)

വനജയുടെ നേർക്കുണ്ടായ ആക്രമണവും, അത് പോലീസിൽ അറിയിക്കരുത് എന്ന വനജയുടെ നിർബന്ധവും എല്ലാം കൂടി രാജീവൻറെ മനഃസമാധാനം പാടേ നശിപ്പിച്ചിരുന്നു. വനജ തന്നിൽ നിന്ന് എന്തൊക്കെയോ മറയ്ക്കുന്നു എന്നൊരു  സംശയവും അയാളെ പിടികൂടി. അല്ലെങ്കിൽ എന്തിനാവും പോലീസിൽ അറിയിക്കരുത് എന്ന് വാശി പിടിക്കുന്നത്? അതിലും ഏറെ  എന്തോ അപകടം തൻറെ കുടുംബത്തെ പിന്തുടരുന്നു എന്നൊരു ഭയം അയാളെ വേട്ടയാടാൻ തുടങ്ങിയിരുന്നു. 
രാത്രിയിൽ പലപ്പോഴും വനജ ഏങ്ങലടിക്കുന്ന ശബ്ദം അയാൾ കേട്ടു. അവൾ ഉറങ്ങിയിട്ടില്ല എന്ന് മനസ്സിലാക്കിയിട്ടും മമ്മയും അച്ചനും പറഞ്ഞത് ഓർത്ത് അന്ന് പകൽ ഉണ്ടായ സംഭവത്തെക്കുറിച്ച് അയാൾ പിന്നെ ഒന്നും വനജയോട് ചോദിച്ചില്ല. അവളെ ചുറ്റിപ്പിടിച്ചു തന്നോട് ചേർത്തുകൊണ്ട് അയാൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
'ട്രൈ റ്റു സ്ലീപ്...'  ഒരു കൊച്ചുകുഞ്ഞിനെയെന്നവണ്ണം അവളുടെ പുറത്തു അയാൾ താളം തട്ടി. രാവേറെ ചെന്നിട്ടും അയാൾക്കും ഉറങ്ങാൻ കഴിഞ്ഞില്ല.  
പിറ്റേന്ന് രാവിലെ പതിവിലും നേരത്തേ രാജീവൻ ഓഫീസിലെത്തി. മറ്റു ജോലിക്കാർ വന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നുളളൂ എങ്കിലും രാജു എത്തിയിരുന്നു. മറ്റുള്ളവർ എത്തുന്നതിന് മുൻപേ രാജുവിനെ കാണണമെന്ന് കരുതി തന്നെയാണ് രാജീവൻ നേരത്തെ വന്നതും. 
പക്ഷെ,  രാജുവിനെ കാണുന്നതിനും  മുൻപേ  മറ്റൊരു കാര്യം ചെയ്യാനുണ്ടായിരുന്നു  അയാൾക്ക്.  എസ്. പി ഓഫീസിലേക്കു വിളിക്കുകയായിരുന്നു അയാൾ ആദ്യം ചെയ്തത്. ബാലുവിനോട് പറഞ്ഞ്  രഹസ്യമായി ഒന്ന് അന്വേഷിക്കാൻ  ഉറക്കം വരാതെ കിടന്ന ആ മണിക്കൂറുകളിൽ അയാൾ തീരുമാനിച്ചിരുന്നു. വനജയുടെ നേർക്കുണ്ടായ ആക്രമണം അങ്ങനെ നിസാരമായി തള്ളിക്കളയാൻ അയാൾക്ക് കഴിയുമായിരുന്നില്ല.   
'സർ ഇന്ന് ഉച്ചവരെ ഒരു മീറ്റിംഗിൽ ആണ്. അത് കഴിഞ്ഞേ കാണാൻ പറ്റൂ' എസ്.പി ഓഫീസിൽ ഫോൺ എടുത്ത ആൾ പറഞ്ഞു.
ആ കാൾ ഡിസ്കണക്ട് ചെയ്തിട്ട് രാജീവൻ രാജുവിൻറെ ക്യാബിനിലേക്ക്  ചെന്നു. 
'വിളിച്ചാൽ, ഞാൻ അങ്ങോട്ട് വരുമായിരുന്നല്ലോ...' രാജീവനെക്കണ്ടു രാജു പറഞ്ഞു. 
'രാജു, ഇന്നലെ സുമ വനജയെക്കണ്ടെന്നു മമ്മ പറഞ്ഞു.'
'ഓ... അതോ... വനജ മിണ്ടിയില്ല എന്നല്ലേ? അതത്ര കാര്യമാക്കാനൊന്നും ഇല്ല....’
'അങ്ങനെയല്ല. എനിക്ക് സുമയോടൊന്നു സംസാരിക്കണം.'
'എല്ലാവരുംകൂടി പറഞ്ഞു പറഞ്ഞു അതൊരു മഹാകാവ്യം ആക്കേണ്ട കാര്യമൊന്നും ഇല്ല. സുമ വിളിച്ചത് വനജ കേട്ടുകാണില്ല. അത്രയേ ഉള്ളൂ....'
'അതല്ല രാജു. വനജയുടെ നേർക്കുണ്ടായ അറ്റാക്… അതിനെക്കുറിച്ചു  എന്തെങ്കിലും വിവരം കിട്ടുമോ എന്ന് അറിയാനാ... '
'അറ്റാക്കോ?'
'ങാ... ആരോ വനജയെ കയറിപ്പിടിച്ചു, കഴുത്തു ഞെരിച്ചു...'
'ങേ?' രാജു അദ്ഭുതപ്പെട്ടുപ്പോയി. 'എന്താ ഇപ്പറയുന്നത്?'
‘എപ്പോൾ? എവിടെവെച്ച്?’ 
‘സുമ പറഞ്ഞില്ലേ?’ 
'ഇല്ല'.
'എനിക്ക് സുമയോട് സംസാരിക്കണം. സുമയുടെ നമ്പർ ഒന്ന് തരാമോ?'
നമ്പർ കുറിച്ചുകൊടുത്തുകൊണ്ടു രാജു ചോദിച്ചു: 'സുമ ഒന്നും പറഞ്ഞില്ലല്ലോ…. എന്നിട്ടു വനജയ്ക്കു എന്തെങ്കിലും...?'
'ഒന്നുമില്ല. അവൾ വല്ലാതെ ഭയന്ന് പോയി എന്ന് മാത്രം.'
'സുമയും ബീനയും വീട്ടിലുണ്ട്. വിളിക്ക്... അവർ രണ്ടുപേരും കൂടിയാ  ഇന്നലെ കുരുവിളയുടെ ഓഫീസിൽ പോയത്.'
'കുരുവിളയുടെ ഓഫീസിലോ... സ്റ്റോക്ക് ബ്രോക്കർ?' രാജീവൻ എടുത്തു ചോദിച്ചു.
'ങാ... അവിടെ പാർക്കിംഗ് ലോട്ടിൽ വെച്ചാണല്ലോ വനജയെ കണ്ടത്.’
രാജീവൻ ചോദ്യഭാവത്തിൽ രാജുവിനെ നോക്കി.
‘ബീനയുടെ എന്തോ ഷെയർ കാര്യം... ആ ഓഫീസാണ് ബീനയുടെ ഡാഡിയുടെ ഇവിടുത്തെ ഫിനാൻഷ്യൽ അഡ്വൈസ്ഴ്സ്.’
രാജീവൻറെ നെറ്റിയിൽ ചുളിവുകൾ വീണു. വനജയ്ക്കു ആ ഓഫീസിൽ എന്താണ് കാര്യം? അവൾ  പറഞ്ഞത് ഷോപ്പിംഗിനു പോയി എന്നാണല്ലോ.  കുരുവിളയുടെ ഓഫീസിൻറെ അടുത്തൊന്നും ഒരു കട പോലും ഇല്ല താനും.
രാജീവന് എന്തോ പന്തികേട് തോന്നി. 
വനജ എന്തോ മറയ്ക്കുന്നു എന്നത് സത്യം തന്നെ, രാജീവന് തീർച്ചയായി. വനജയ്ക്കു എന്താണ് മറയ്ക്കാനുള്ളത് എന്ന് ആലോചിച്ചിട്ട് അയാൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല? അവർക്കിടയിൽ പറയത്തക്ക ഒരു   അഭിപ്രായവ്യത്യാസവും അതുവരെ ഉണ്ടായിരുന്നില്ല. സന്തോഷകരമായിരുന്നു തൻറെ കുടുംബ ജീവിതം. പിന്നെ എന്താണ് ?
'എന്താ രാജീവാ?' രാജീവൻറെ ഭാവവ്യത്യാസം ശ്രദ്ധിച്ച രാജു ചോദിച്ചു. 'കുരുവിളയുടെ പാർക്കിംഗ് ലോട്ടിൽ വെച്ച് കണ്ടെന്നാണ് ഞാൻ കരുതിയത്. സുമയും ബീനയും വേറെ എവിടെയും പോയതായി എനിക്കറിയില്ല.'
ഏതായാലും സുമയോട് സംസാരിക്കാം. എന്നിട്ടു മതി മറ്റെല്ലാം, രാജീവൻ തീരുമാനിച്ചു. അയാൾ സ്വന്തം ക്യാബിനിലേക്കു പോയി.


Read More: https://www.emalayalee.com/writer/69

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക