Image

വിജയ്യുടെ ജയം പ്രവചിച്ച ജ്യോതിഷി ഇനി മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍; നിയമിച്ച് ടിവികെ സര്‍ക്കാര്‍

Published on 12 May, 2026
വിജയ്യുടെ ജയം പ്രവചിച്ച ജ്യോതിഷി ഇനി മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍; നിയമിച്ച് ടിവികെ സര്‍ക്കാര്‍

 

ചെന്നൈ: ജ്യോതിഷിയും ടിവികെ വക്താവുമായ റിക്കി രാധന്‍ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി (OSD) ആയി നിയമിച്ച് വിജയ്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 2026-ലെ തിരഞ്ഞെടുപ്പില്‍ വിജയ്ക്കും ടിവികെക്കും മികച്ച വിജയം ഉണ്ടാകുമെന്ന് റിക്കി രാധന്‍ പണ്ഡിറ്റ് പ്രവചിച്ചിരുന്നു.

വിജയ്യുടെ വിജയത്തിന് പിന്നാലെ റിക്കി രാധന്‍ പണ്ഡിറ്റ് അദ്ദേഹത്തെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിജയ് ഗവര്‍ണറെ കാണാന്‍ പോയപ്പോഴും ഇദ്ദേഹം ഒപ്പമുണ്ടായിരുന്നു എന്നാണ് വിവരം. ഇന്നാണ് റിക്കി രാധന്‍ പണ്ഡിറ്റിനെ ഒഎസ്ഡി ആയി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.

ചുമതലയേല്‍ക്കുന്ന തീയതി മുതല്‍ പ്രാബല്യത്തോടെയാണ് റിക്കി രാധന്‍ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി നിയമിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും വെവ്വേറെ പുറപ്പെടുവിക്കുന്നതാണ് എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്തുവിട്ടിട്ടുള്ള അറിയിപ്പില്‍ പറയുന്നത്.

മുമ്പ് ടിവികെ വക്താക്കള്‍ മാധ്യമങ്ങളെ കാണുമ്പോഴെല്ലാം റിക്കി രാധന്‍ പണ്ഡിറ്റും കൂടെ ഉണ്ടാവാറുണ്ടായിരുന്നു. ജ്യോതിഷവും രാഷ്ട്രീയവും ഇടകലര്‍ത്തിയുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ വലിയ തോതില്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുമായും റിക്കി രാധന്‍ പണ്ഡിറ്റിന് അടുത്ത ബന്ധമുണ്ടായിരുന്നതായാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക