Image

അസമില്‍ ഹിമന്ത ബിശ്വ ശര്‍മ രണ്ടാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Published on 12 May, 2026
 അസമില്‍ ഹിമന്ത ബിശ്വ ശര്‍മ രണ്ടാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

 

ഗോഹട്ടി: അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ തുടര്‍ച്ചയായ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗുവാഹത്തിയിലെ ഖാനാപാരയിലുള്ള വെറ്ററിനറി കോളേജ് ഗ്രൗണ്ടില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. അസമില്‍ തുടര്‍ച്ചയായി രണ്ട് തവണ മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ കോണ്‍ഗ്രസിതര നേതാവ് എന്ന ചരിത്ര നേട്ടവും ഇതോടെ ഹിമന്ത ബിശ്വ ശര്‍മ സ്വന്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റ് മുതിര്‍ന്ന എന്‍ഡിഎ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
മുഖ്യമന്ത്രിക്കൊപ്പം മറ്റ് നാല് നേതാക്കള്‍ കൂടി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയില്‍ നിന്നും സഖ്യകക്ഷികളില്‍ നിന്നുമുള്ള പ്രമുഖര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

മുന്‍ കേന്ദ്രമന്ത്രിയും രണ്ട് തവണ ഡിബ്രുഗഡ് എം.പിയുമായിരുന്ന രാമേശ്വര്‍ തെലി, കഴിഞ്ഞ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന അജന്ത നിയോഗ്, അസം ഗണ പരിഷത്ത് അധ്യക്ഷനും മുന്‍ മന്ത്രിയുമായ അതുല്‍ ബോറ, ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് പ്രതിനിധിയായ ചരണ്‍ ബോറോ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

മുതിര്‍ന്ന ബി.ജെ.പി നേതാവ് രഞ്ജിത് കുമാര്‍ ദാസിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 126 അംഗ നിയമസഭയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം 102 സീറ്റുകള്‍ നേടിയാണ് അധികാരം നിലനിര്‍ത്തിയത്. ബിജെപി മാത്രം 82 സീറ്റുകള്‍ നേടി കരുത്ത് തെളിയിച്ചു. കോണ്‍ഗ്രസ് സഖ്യത്തിന് 21 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക