
തൃശൂർ: തൃക്കൂർ നെല്ലിച്ചോട് ജിംനേഷ്യത്തിന് മുന്നിൽ യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ തൃശൂർ റൂറൽ പോലീസ് 24 മണിക്കൂറിനുള്ളിൽ പിടികൂടി. ചാലക്കുടി പോട്ട പനമ്പിള്ളി നഗർ സ്വദേശി പടിഞ്ഞാറേക്കാടൻ വീട്ടിൽ സിറിളിനെയാണ് (36) റൂറൽ എസ്.പി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് പിന്നിൽ അവിഹിത ബന്ധമാണെന്നും യുവാവിനെ കൊലപ്പെടുത്തി ഭാര്യയോടൊപ്പം കഴിയാനായിരുന്നു തന്റെ പദ്ധതിയെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.
മരത്താക്കര പുഴമ്പള്ളം സ്വദേശിയായ ബിനസിനെയാണ് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ പ്രതി ക്രൂരമായി ആക്രമിച്ചത്. ബിനസിന്റെ ഭാര്യയുമായി സിറിൾ പ്രണയത്തിലായിരുന്നുവെന്നും ഇരുവരും ഒരുമിച്ച് ജീവിക്കാൻ ബിനസ് തടസ്സമാണെന്ന് കരുതിയാണ് വധശ്രമം നടത്തിയതെന്നും പോലീസ് പറഞ്ഞു. ഇതിനായി ചാലക്കുടിയിൽ നിന്ന് പ്രത്യേകമായി ചുറ്റിക വാങ്ങുകയും കുപ്പിയിൽ പെട്രോൾ കരുതുകയും ചെയ്തിരുന്നു. ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താനായിരുന്നു നീക്കം. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിനസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് കുടുക്കിയത്. 25 ഓളം രഹസ്യ പോലീസുകാരെ നിയോഗിച്ച് മരത്താക്കര, പുതുക്കാട്, ചാലക്കുടി, ഒല്ലൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ തെരച്ചിലാണ് പ്രതിയെ വലയിലാക്കാൻ സഹായിച്ചത്. ഒരു അജ്ഞാതൻ ബിനസിനെ നിരന്തരം പിന്തുടരുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണം സിറിളിലേക്ക് എത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.