
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് അധികാരമേറ്റ ചടങ്ങിൽ ദേശീയഗാനത്തിന് മുന്നോടിയായി വന്ദേമാതരം ആലപിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകുന്നു. ദേശീയഗാനത്തോടൊപ്പം വന്ദേമാതരവും ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ജനുവരിയിലെ ഉത്തരവ് പൂർണ്ണമായും നടപ്പിലാക്കിയാണ് വിജയ് ഭരണമാരംഭിച്ചത്. വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിച്ച ശേഷമാണ് ദേശീയഗാനവും തമിഴ് തായ് വാഴ്ത്തും വേദിയിൽ പാടിയത്. കേന്ദ്ര ഉത്തരവിനെ ശക്തമായി എതിർക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വേദിയിലിരിക്കെയാണ് വിജയ് ഈ നിലപാട് സ്വീകരിച്ചത് എന്നത് ശ്രദ്ധേയമാണ്.
ബംഗാളിലെ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പോലും വന്ദേമാതരം ഒഴിവാക്കപ്പെട്ട സാഹചര്യത്തിലാണ് വിജയ്‍യുടെ ഈ നീക്കം ശ്രദ്ധിക്കപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ പങ്കെടുത്ത ബംഗാളിലെ ചടങ്ങിൽ വന്ദേമാതരം ആലപിച്ചിരുന്നില്ല. എന്നാൽ ബിജെപിയുടെ കടുത്ത വിമർശകനായി അറിയപ്പെടുന്ന വിജയ്, കേന്ദ്ര നിർദ്ദേശങ്ങൾ അതേപടി പാലിച്ചത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുൻപ് ഉയർത്തിപ്പിടിച്ച തീവ്ര ബിജെപി വിരുദ്ധതയിൽ നിന്ന് വിജയ് മലക്കംമറിയുകയാണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ബങ്കിം ചന്ദ്ര ചതോപാധ്യായ എഴുതിയ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചാണ് വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പരിരക്ഷ നൽകിക്കൊണ്ട് കേന്ദ്രം പുതിയ ഉത്തരവിറക്കിയത്. 1950-ൽ ഭരണഘടനാ അസംബ്ലി അംഗീകരിച്ചതനുസരിച്ച് രണ്ട് ഖണ്ഡികകൾ മാത്രം ആലപിക്കുന്ന രീതിക്ക് പകരം ആറ് ഖണ്ഡികകളും ആലപിക്കണമെന്നായിരുന്നു കേന്ദ്ര നിർദ്ദേശം. ഡിഎംകെയ്ക്കും ബിജെപിക്കുമെതിരെ ശക്തമായ നിലപാടുകൾ സിനിമയിലൂടെയും രാഷ്ട്രീയ പ്രസംഗങ്ങളിലൂടെയും ഉയർത്തിയ വിജയ്, ഭരണത്തിലേറിയപ്പോൾ കേന്ദ്രത്തോടുള്ള മൃദുസമീപനം സ്വീകരിക്കുന്നത് തമിഴ് രാഷ്ട്രീയത്തിൽ പുതിയ സംവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്.