Image

​കെ.സി. വേണുഗോപാലിനെതിരെ വ്യാജപ്രചാരണം; സൈബർ സെല്ലിനും ഹൈക്കമാൻഡിനും പരാതി നൽകി കെ.സി. ജോസഫ്

Published on 10 May, 2026
​കെ.സി. വേണുഗോപാലിനെതിരെ വ്യാജപ്രചാരണം; സൈബർ സെല്ലിനും ഹൈക്കമാൻഡിനും പരാതി നൽകി കെ.സി. ജോസഫ്

കോട്ടയം: എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയാവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. ജോസഫ്. മുഖ്യമന്ത്രി ചർച്ചകൾ സജീവമായ പശ്ചാത്തലത്തിൽ കെ.സി. വേണുഗോപാലിനെ താൻ വിമർശിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് എ.ഐ.സി.സിക്കും സംസ്ഥാന സൈബർ സെല്ലിനും പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു. പാർട്ടിക്കുള്ളിലെ ഐക്യം തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ അൽപ്പത്തരമാണെന്നും കെ.സി. ജോസഫ് കുറ്റപ്പെടുത്തി.

​പാർട്ടിയെയും നേതാക്കളെയും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ കോൺഗ്രസിനെ സ്നേഹിക്കുന്ന ആരും തയ്യാറാകില്ലെന്ന് കെ.സി. ജോസഫ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും, സൈബർ ആക്രമണങ്ങളിലൂടെ തന്നെയും പാർട്ടിയെയും വേട്ടയാടാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ.സി. വേണുഗോപാലുമായി തനിക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഫെയ്‌സ്ബുക്ക് പോസ്റ്റ്:

‘എന്റെ പേരില്‍ ചില FAKE പോസ്റ്റുകള്‍ കെ സി വേണുഗോപാലിനെതിരെ പ്രചരിക്കുന്നതായി ചില സുഹൃത്തുക്കള്‍ എന്റെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി . ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുന്നുണ്ട് .ഇതുപോലെ മറ്റ് പല നേതാക്കളുടെയും പേരില്‍ അവരുടെ അറിവില്ലാതെ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട് . ഇതിന്റെ പിന്നില്‍ ആരാണെങ്കിലും പറയട്ടേ, ഇത് അല്പത്തരമാണ്. പാര്‍ട്ടിയെയും നേതാക്കളെയും പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ആരെങ്കിലും തയ്യാറാകുമെന്ന് തോന്നുന്നില്ല. ഇതുകൊണ്ട് എന്തെങ്കിലും നേടാമെന്ന് ആരും കരുതരുത്. ഇതൊക്ക വളരെ cheap ആണ്. എനിക്ക് പറയാനുള്ളത് ഞാന്‍ തന്നെ പറഞ്ഞു കൊള്ളാം . അതിനായി ആരും ബുദ്ധിമുട്ടേണ്ട. ഈ കാര്യത്തില്‍ എ ഐ സി സിക്കും പരാതി നല്‍കിയിട്ടുണ്ട്.’

മൗനമാണ് അഭികാമ്യം എന്നതു കൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്ന് കെസി ജോസഫ് നേരത്തെ കുറിപ്പിലൂടെ സൂചിപ്പിച്ചിരുന്നു. കോണ്‍ഗ്രസ്സിന്റെ ആഭ്യന്തരകാര്യങ്ങള്‍ എല്ലാ പരിധിയും വിട്ട് തെരുവിലേയ്ക്ക് കൊണ്ടുപോകുന്നത് അപകടകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യം എല്ലാവരും തിരിച്ചറിയുന്നത് നല്ലതാണ്. മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ നമ്മുടെ മുഖത്തെ വീഴൂ. തിരുവനന്തപുരത്തെ പ്രതിഷേധ പ്രകടനക്കാര്‍ അറിഞ്ഞോ അറിയാതേയോ എല്ലാവരും ജീവനുതുല്യം സ്‌നേഹിക്കുന്ന പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തെപ്പോലും അപമാനിച്ചുവെന്നത് എല്ലാവരെയും വളരെയേറെ വേദനിപ്പിച്ചിട്ടുണ്ട് . ഇതൊന്നും നല്ലതിനല്ല. തീക്കൊള്ളികൊണ്ട് തലചൊറിയാന്‍ ശ്രമിക്കുന്നത് വിനാശകരമായിരിക്കും. കുറിപ്പില്‍ ജെ സി ജോസഫ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക