
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ പുതിയ യുഗപ്പിറവി കുറിച്ച് തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദശകങ്ങളായി നീണ്ടുനിന്ന ഡി.എം.കെ - എ.ഐ.എ.ഡി.എം.കെ കക്ഷികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ചാണ് വിജയ് ഭരണസാരഥ്യം ഏറ്റെടുത്തത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുഖ്യാതിഥിയായ ചടങ്ങ് പതിനായിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ മുദ്രാവാക്യങ്ങൾ കൊണ്ട് പ്രകമ്പനം കൊണ്ടു.
പരിചയസമ്പന്നരെയും യുവരക്തത്തെയും കോർത്തിണക്കിയ പത്തംഗ മന്ത്രിസഭയാണ് വിജയ് പ്രഖ്യാപിച്ചത്. സാധാരണയായി ദ്രാവിഡ കക്ഷികൾ പിന്തുടരുന്ന ശൈലിയിൽ നിന്ന് വ്യത്യസ്തമായി, മുഖ്യമന്ത്രിയും മന്ത്രിമാരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തതെന്നത് ശ്രദ്ധേയമായി. വിജയ്യുടെ വിശ്വസ്തനും പാർട്ടിയുടെ സംഘടനാ ബുദ്ധിയുമായ 'ബുസി' എൻ. ആനന്ദാണ് മന്ത്രിസഭയിലെ പ്രമുഖൻ. ദീർഘകാലത്തെ ഭരണപരിചയമുള്ള കെ.എ. സെങ്കോട്ടയ്യൻ, പാർട്ടിയുടെ തന്ത്രജ്ഞൻ ആദവ് അർജുന, ഡിജിറ്റൽ രാഷ്ട്രീയത്തിലെ കരുത്തൻ സി.ടി.ആർ നിർമ്മൽ കുമാർ എന്നിവരും മന്ത്രിസഭയിൽ ഇടംപിടിച്ചു.
കെ.ജി. അരുൺരാജ്, പി. വെങ്കട്ടരമണൻ, എ. രാജ്മോഹൻ, കീർത്തന, കെ.ടി. പ്രഭു എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റ് അംഗങ്ങൾ. പൊതുഭരണം, ആഭ്യന്തരം, പോലീസ് തുടങ്ങിയ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി വിജയ് തന്നെയാണ് കൈകാര്യം ചെയ്യുക. പിന്തുണ നൽകിയ വിവിധ പാർട്ടികളുടെ നേതാക്കളുമായി കഴിഞ്ഞ ദിവസം നാലാം തവണയും ഗവർണറെ കണ്ട വിജയ്, ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള കത്തുകൾ കൈമാറിയിരുന്നു. ഇതിനെത്തുടർന്നാണ് ഗവർണർ അദ്ദേഹത്തെ സർക്കാർ രൂപീകരിക്കാൻ ഔദ്യോഗികമായി ക്ഷണിച്ചത്.
വിജയ് സർക്കാർ ബുധനാഴ്ചയ്ക്കകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. ഭൂരിപക്ഷം ഉറപ്പാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ടി.വി.കെ നേതൃത്വം. തമിഴ് സിനിമയിലെ സൂപ്പർതാര പദവിയിൽ നിന്ന് രാഷ്ട്രീയത്തിന്റെ ഉന്നതശീർഷത്തിലേക്ക് വിജയ് നടന്നു കയറുമ്പോൾ, വലിയ പ്രതീക്ഷയോടെയാണ് തമിഴ് മക്കൾ ഈ മാറ്റത്തെ നോക്കിക്കാണുന്നത്. ദ്രാവിഡ രാഷ്ട്രീയത്തിന് ബദലായി വിജയ് ഉയർത്തുന്ന വികസന രാഷ്ട്രീയത്തിന് വരും ദിവസങ്ങളിൽ വലിയ പരീക്ഷണങ്ങളെ നേരിടേണ്ടി വരും.