
തൃശൂർ: അരിയന്നൂരിൽ ഡോക്ടറുടെ വീടിന്റെ മുകൾനിലയിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് പത്ത് പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു. ചൂണ്ടൽ-ഗുരുവായൂർ ഹൈവേയിൽ പൊന്നരാശേരി മോട്ടോർ വർക്ക് ഷോപ്പിന് എതിർവശം താമസിക്കുന്ന ജൂബിലി മിഷൻ ആശുപത്രിയിലെ ഡോക്ടർ അബൂബക്കറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം രാത്രി 12.50-ഓടെയാണ് സംഭവം. അബൂബക്കറിന്റെ ഭാര്യ ഡോ. ബുഷറയുടെ മാലകളും വളകളും കമ്മലുകളും ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകാനായി ഒരുങ്ങുന്നതിനിടെ സ്വർണം എടുക്കാൻ നോക്കിയപ്പോഴാണ് മോഷണവിവരം വീട്ടുകാർ അറിയുന്നത്. മുകൾനിലയിലെ ബെഡ്റൂമിലുള്ള അലമാരയിലാണ് ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. വീടിന്റെ മുകൾനിലയിലെ വാതിൽ അടയ്ക്കാതിരുന്നതും സ്വർണം വെച്ചിരുന്ന അലമാര പൂട്ടിയിരുന്നില്ല എന്നതും മോഷ്ടാവിന് കാര്യങ്ങൾ എളുപ്പമാക്കി. അലമാരയിൽ സ്വർണ്ണത്തോടൊപ്പം ഉണ്ടായിരുന്ന ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ തുടങ്ങിയ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളൊന്നും മോഷ്ടാവ് കൊണ്ടുപോയിട്ടില്ല.
വീടിനുള്ളിലെ സിസിടിവി ക്യാമറയിൽ മോഷ്ടാവ് പരിശോധന നടത്തുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഗുരുവായൂർ പോലീസ് അന്വേഷണം ഊർജിതമാക്കി. സ്വർണം മാത്രം ലക്ഷ്യം വെച്ചെത്തിയ പ്രൊഫഷണൽ മോഷ്ടാവാണോ ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.