
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കവെ, തലസ്ഥാനത്ത് നേതാക്കൾക്കായി അണികൾ തമ്മിലുള്ള 'ഫ്ലക്സ് യുദ്ധം' പുതിയ തലത്തിലേക്ക്. വി.ഡി സതീശൻ, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കായി നേരത്തെ പ്രത്യക്ഷപ്പെട്ട ബോർഡുകൾക്ക് പിന്നാലെ, ഇപ്പോൾ ഡോ. ശശി തരൂരിനെ അനുകൂലിച്ചും നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിന് എതിർവശത്തായി പ്രത്യക്ഷപ്പെട്ട ബോർഡിൽ, മുഖ്യമന്ത്രിയാകാൻ ഏറ്റവും അനുയോജ്യൻ തരൂരാണെന്നാണ് അവകാശപ്പെടുന്നത്.
നേരത്തെ 'പട നയിച്ചവൻ' എന്നും 'പട ഒരുക്കിയവൻ' എന്നും വിശേഷിപ്പിച്ച് സതീശനും വേണുഗോപാലിനും വേണ്ടി ആരാധകർ ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇത് പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്നുവെന്നും ഗ്രൂപ്പ് പോര് പ്രോത്സാഹിപ്പിക്കുമെന്നും കാട്ടി ഹൈക്കമാൻഡ് കർശന താക്കീത് നൽകുകയും ബോർഡുകൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ നിർദ്ദേശപ്രകാരം മറ്റു നേതാക്കളുടെ ബോർഡുകൾ പ്രവർത്തകർ മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് തരൂരിനായി പുതിയ ബോർഡ് ഉയർന്നത് എന്നത് നേതൃത്വത്തെ കൂടുതൽ വെട്ടിലാക്കിയിരിക്കുകയാണ്.
കെ.ജി.ഡി.എഫ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി എം. ഷഹാബ്ദീൻ എന്നയാളുടെ പേരിലാണ് തരൂരിനെ പിന്തുണച്ചുകൊണ്ടുള്ള ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. ഡൽഹിയിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിനായി ചർച്ചകൾ നടത്തുന്ന നിർണ്ണായക സാഹചര്യത്തിൽ, ഇത്തരത്തിൽ താഴെത്തട്ടിൽ നടക്കുന്ന പ്രചാരണങ്ങൾ പാർട്ടിക്കുള്ളിലെ ചേരിതിരിവ് വർദ്ധിപ്പിക്കുകയാണ്. ഫ്ലക്സ് രാഷ്ട്രീയത്തിനെതിരെ ഹൈക്കമാൻഡ് സ്വീകരിക്കുന്ന കർശന നിലപാട് നിലനിൽക്കെ, പുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടത് വരും ദിവസങ്ങളിൽ കൂടുതൽ അച്ചടക്ക നടപടികൾക്ക് വഴിവെച്ചേക്കും.