
ന്യൂഡൽഹി: കേരളത്തിലെ പാർട്ടി കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഒരുതരത്തിലുള്ള ഇടപെടലുകളും അംഗീകരിക്കില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് കർശന മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമായ പശ്ചാത്തലത്തിൽ വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായി രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയിലാണ് ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് നടന്ന തെരുവ് പ്രകടനങ്ങളിലും സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളിലും രാഹുൽ ഗാന്ധി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
കൂടിക്കാഴ്ചയിൽ പ്രധാനമായും വിമർശനം ഉയർന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയാണ്. സ്വന്തം അനുയായികളെ നിയന്ത്രിക്കുന്നതിൽ നേതാക്കൾ പരാജയപ്പെട്ടുവെന്ന് ഹൈക്കമാൻഡ് വിലയിരുത്തി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ദേശീയ നേതൃത്വത്തിന്റെ തീരുമാനമെടുക്കാനുള്ള അധികാരത്തെ ചോദ്യം ചെയ്യുന്നതാണ് കേരളത്തിൽ നടന്ന നീക്കങ്ങളെന്ന് ഹൈക്കമാൻഡ് നിരീക്ഷിച്ചു.
തെരുവിൽ നടന്ന പ്രകടനങ്ങളും സൈബർ ഇടങ്ങളിലെ പോരാട്ടങ്ങളും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തുറന്നടിച്ചു. ഇത്തരം പ്രവർത്തനങ്ങൾ പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നും യു.ഡി.എഫിന് വോട്ട് ചെയ്ത ജനവിധിയെ പരിഹസിക്കുന്നതിന് തുല്യമാണിതെന്നും നേതാക്കൾ ഓർമ്മിപ്പിച്ചു. ഹൈക്കമാൻഡിന്റെ തീരുമാനങ്ങളെ സമ്മർദ്ദത്തിലാക്കാൻ ആരും ശ്രമിക്കേണ്ടെന്നും കോൺഗ്രസ് സ്വന്തം നിലയിൽ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
സംസ്ഥാനത്തെ ഗ്രൂപ്പ് പോര് തെരുവിലേക്ക് വലിച്ചിഴച്ചതിനെതിരെ ഹൈക്കമാൻഡ് അതീവ ഗൗരവത്തോടെയാണ് പ്രതികരിക്കുന്നത്. നേതാക്കൾ തമ്മിലുള്ള ഐക്യമില്ലായ്മ താഴെത്തട്ടിലെ അണികൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വത്തിൽ നിർണ്ണായക അഴിച്ചുപണികൾക്കും ഹൈക്കമാൻഡിന്റെ കർശന മേൽനോട്ടത്തിനും ഈ കൂടിക്കാഴ്ച വഴിതുറക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.