Image

അവയവക്കടത്ത് മാഫിയയുടെ തലവൻ നജീബ് പിടിയിൽ; ഗാസിയാബാദിൽ നിന്ന് പൊക്കി റൂറൽ പോലീസ്; അന്താരാഷ്ട്ര ബന്ധങ്ങളിലും അന്വേഷണം

Published on 10 May, 2026
അവയവക്കടത്ത് മാഫിയയുടെ തലവൻ നജീബ് പിടിയിൽ; ഗാസിയാബാദിൽ നിന്ന് പൊക്കി റൂറൽ പോലീസ്; അന്താരാഷ്ട്ര ബന്ധങ്ങളിലും അന്വേഷണം

കൊച്ചി: അവയവദാനത്തിന്റെ മറവിൽ വ്യാജരേഖകൾ ചമച്ച് കോടികളുടെ അവയവക്കച്ചവടം നടത്തിവന്ന മാഫിയയുടെ മുഖ്യസൂത്രധാരൻ നജീബ് (41) പിടിയിലായി. ഒളിവിലായിരുന്ന ഇയാളെ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് എറണാകുളം റൂറൽ പോലീസ് സാഹസികമായി പിടികൂടിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ വിദേശത്തേക്കടക്കം അവയവക്കടത്ത് നടത്തിയിരുന്ന സംഘത്തിന്റെ പ്രധാന കണ്ണിയാണ് ഇയാൾ. കൊച്ചിയിലെത്തിക്കുന്ന ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ സംഘത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.

​ജനപ്രതിനിധികളുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും പേരിൽ വ്യാജരേഖകളും കത്തുകളും ചമച്ചാണ് നജീബും സംഘവും അവയവക്കൈമാറ്റത്തിന് അനുമതി സംഘടിപ്പിച്ചിരുന്നത്. കിഴക്കമ്പലം പള്ളിക്കരയിലെ ഒരു ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്ന് ഇത്തരം വ്യാജരേഖകൾ കണ്ടെടുത്തതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഒളിവിൽ പോയ നജീബ് കാസർകോട്, മലപ്പുറം സ്വദേശിയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ കുറേക്കാലമായി എറണാകുളം കുന്നത്തുനാട് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്.

​വടക്കേക്കര സ്വദേശിയായ യുവതി നൽകിയ രഹസ്യമൊഴിയാണ് കേസിൽ നിർണ്ണായകമായത്. വൃക്ക നൽകാനായി ജില്ലാ-സംസ്ഥാന സമിതികളെ യുവതി സമീപിച്ചിരുന്നെങ്കിലും സാമ്പത്തിക ഇടപാട് സംശയിച്ച് അധികൃതർ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. എന്നാൽ, കഴിഞ്ഞ വർഷം നിയമവിരുദ്ധമായി ഇവർ വൃക്ക കൈമാറിയെന്ന് പോലീസ് കണ്ടെത്തി. വ്യാജരേഖകൾ ഉപയോഗിച്ചാണ് ഇവർ ആശുപത്രി അധികൃതരെ കബളിപ്പിച്ചത്. വൃക്ക നൽകിയ യുവതിക്ക് ഒൻപത് ലക്ഷം രൂപ നൽകിയ സംഘം, രോഗിയിൽ നിന്ന് 20 ലക്ഷം രൂപയാണ് ഈടാക്കിയത്. ബാക്കി തുക കമ്മീഷനായി നജീബും സംഘവും തട്ടിയെടുത്തു.

​കുന്നത്തുനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ മാഫിയയ്ക്ക് കാസർകോട്, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലും വിപുലമായ ശൃംഖലയുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ എത്രപേരെ ഇവർ വിദേശത്തേക്ക് കടത്തിയെന്നും ഏതെല്ലാം ആശുപത്രികൾ ഈ തട്ടിപ്പിന് കൂട്ടുനിന്നുവെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഗാസിയാബാദിൽ നിന്ന് കൊച്ചിയിലെത്തിക്കുന്ന പ്രതിയെ വരും ദിവസങ്ങളിൽ തെളിവെടുപ്പിനായി കൊണ്ടുപോകും. കൂടുതൽ അറസ്റ്റുകൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക