
തൃശൂർ: തൃക്കൂർ മരത്താക്കരയിൽ ജിമ്മിൽ നിന്നിറങ്ങിയ യുവാവിനെ ഹെൽമറ്റ് ധരിച്ചെത്തിയ ആൾ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പുഴമ്പള്ളം സ്വദേശി ബിനസ് ഡേവിസിനെ (37) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ തൃക്കൂർ നെല്ലിച്ചോട് വെച്ചായിരുന്നു സിനിമയെ വെല്ലുന്ന രീതിയിലുള്ള അതിക്രമം അരങ്ങേറിയത്.
ജിമ്മിലെ പരിശീലനം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ബിനസിനെ പിന്തുടർന്ന അക്രമി പുറകിൽ നിന്ന് ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ആദ്യ പ്രഹരത്തിൽ തന്നെ ബോധം നഷ്ടപ്പെട്ട് നിലത്ത് വീണ ബിനസിനെ അക്രമി വീണ്ടും രണ്ട് തവണ കൂടി തലയിൽ ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു. ക്രൂരമായ ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെടുന്നത് പരിസരത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ബോധരഹിതനായി രക്തത്തിൽ കുളിച്ചു കിടന്ന യുവാവിനെ നാട്ടുകാരാണ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിൽ പുതുക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. അക്രമി ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമല്ലെങ്കിലും പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. മുൻവൈരാഗ്യമാണോ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. നാടിനെ നടുക്കിയ ഈ ആക്രമണത്തിൽ നാട്ടുകാർ കടുത്ത ഭീതിയിലാണ്.