Image

യുകെ പ്രാദേശിക തിരഞ്ഞെടുപ്പിൽ ലേബറിനു കനത്ത തിരിച്ചടി; സ്റ്റാർമർ രാജി വയ്ക്കണമെന്നു പാർട്ടിയിൽ ആവശ്യം (പിപിഎം)

Published on 10 May, 2026
യുകെ പ്രാദേശിക തിരഞ്ഞെടുപ്പിൽ  ലേബറിനു കനത്ത തിരിച്ചടി; സ്റ്റാർമർ രാജി വയ്ക്കണമെന്നു പാർട്ടിയിൽ ആവശ്യം (പിപിഎം)

ബ്രിട്ടനിലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ ഭരണ ലേബർ പാർട്ടിക്കു കനത്ത തിരിച്ചടിയേറ്റതോടെ പ്രധാനമന്ത്രി കിയ സ്റ്റാർമാർ രാജി വയ്ക്കണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നു.

ഫലങ്ങൾ കഠിനമായെന്നു സമ്മതിച്ച സ്റ്റാർമർ പക്ഷെ രാജി ആവശ്യം നിരസിച്ചു. രാജി വച്ചൊഴിഞ്ഞു രാജ്യത്തെ അരാജകത്വത്തിലേക്കു തള്ളി വിടില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ പാർട്ടിയിൽ അദ്ദേഹത്തെ എതിർക്കുന്ന എം പിമാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കയാണ്.

സ്റ്റാർമർ പോയില്ലെങ്കിൽ ലേബർ അടുത്ത തിരഞ്ഞെടുപ്പിൽ വട്ടപ്പൂജ്യമാവും എന്നു മുൻ ട്രാൻസ്‌പോർട് സെക്രട്ടറി ലൂയി ഹൈഗ് പറഞ്ഞു. അദ്ദേഹത്തിന്റെ നിലപാടിനെ 22 എം പി മാർ പിന്താങ്ങി.

സ്റ്റാർമറിനെതിരെ മത്സരിക്കാൻ മറ്റാരും തയ്യാറായില്ലെങ്കിൽ താൻ ഇറങ്ങുമെന്നു മുൻ മന്ത്രി കാതറൈൻ വെസ്റ്റ് പറഞ്ഞു.

റിഫോം യുകെ മുന്നേറി

അതേ സമയം, ലേബറിനെയും പ്രധാന പ്രതിപക്ഷമായ ടോറികളെയും പിന്തള്ളി തീവ്ര വലതുപക്ഷ റിഫോം യുകെ പാർട്ടി നടത്തിയ കുതിപ്പ് അമ്പരപ്പായി. ഗ്രീൻ പാർട്ടിയും കരുത്തു കാട്ടി.

റിഫോം രാജ്യമൊട്ടാകെ 1,400ലധികം സീറ്റുകൾ നേടി 26% വോട്ടിന്റെ പിന്തുണയിൽ ഏറ്റവും വലിയ കക്ഷിയായി. ലേബറിനും ടോറികൾക്കും 17% വീതമാണ് ലഭിച്ചത്. ഗ്രീൻസ് ആവട്ടെ 18% നേടി.

 2001 മുതൽ ടോറി കോട്ടയായിരുന്ന എസെക്‌സ് കൗണ്ടി കൗൺസിൽ റിഫോം സ്വന്തമാക്കി. ഹാവെറിങ്ങും സണ്ടർലാൻഡും അവരുടെ കയ്യിൽ ഒതുങ്ങി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മേഖലകളിലാണ് കുടിയേറ്റ വിരുദ്ധ പാർട്ടിക്കു കൂടുതൽ നേട്ടമുണ്ടായത്.

ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഇതൊരു ചരിത്ര മാറ്റമാണെന്നു റിഫോം നേതാവ് നിജിൽ ഫരാജ് അവകാശപ്പെട്ടു.

ലേബറിനു ഇംഗ്ലണ്ടിൽ 25ലേറെ കൗൺസിലുകളും ആയിരത്തിലേറെ കൗൺസിൽ സീറ്റുകളും നഷ്ടമായി. ലേബറിനു കോട്ടയെന്നു കരുതപ്പെട്ടിരുന്ന ലണ്ടനിൽ ബ്രെന്റ്, ഹാക്‌നി, വാൽതം ഫോറെസ്റ് എന്നിവയൊക്കെ നഷ്ടപ്പെട്ടു.

വെയിൽസ് ലേബറിന് ഏറെക്കുറെ പൂർണമായി നഷ്ടമായി. ഫസ്റ്റ് മിനിസ്റ്റർ എൽയുണ്ട് മോർഗൻ ഉൾപ്പെടെ നിരവധി പ്രമുഖർ തോറ്റു. സ്കോട്ലൻഡിലും രണ്ടാമതായി.

Labour loses ground, Reform surges in UK local polls 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക