Image

സണ്ണി ജോസഫിനെതിരായ പ്രതിഷേധം: മുസ്ലിം ലീഗിന് പങ്കെന്ന് എൻ.എസ്.യു, ആരോപണം തള്ളി എം.എസ്.എഫ്

Published on 09 May, 2026
സണ്ണി ജോസഫിനെതിരായ പ്രതിഷേധം: മുസ്ലിം ലീഗിന് പങ്കെന്ന് എൻ.എസ്.യു, ആരോപണം തള്ളി എം.എസ്.എഫ്

ന്യൂഡൽഹി: കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ കേരള ഹൗസിൽ നടന്ന പ്രതിഷേധത്തിന് പിന്നിൽ മുസ്ലിം ലീഗും എം.എസ്.എഫും ആണെന്ന ഗുരുതര ആരോപണവുമായി എൻ.എസ്.യു (ഐ) ദേശീയ അധ്യക്ഷൻ വിനോദ് ജാഖർ. ജെൻ സിയുടെയും എൻ.എസ്.യുവിൻ്റെയും പേരിൽ സമരം നടത്തിയത് ലീഗ് പ്രവർത്തകരാണെന്നും ഇതിൽ സംഘടനയ്ക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ പ്രതിഷേധമായിരുന്നു ഇതെന്നും കോൺഗ്രസ് നേതൃത്വത്തെ അദ്ദേഹം അറിയിച്ചു.

​പ്രതിഷേധത്തിൽ പങ്കെടുത്തവർക്ക് ഭക്ഷണവും യാത്രാക്കൂലിയും നൽകിയത് കേരളത്തിൽ നിന്നുള്ള ഒരു എം.പി ആണെന്ന സംശയവും എൻ.എസ്.യു നേതൃത്വം പങ്കുവെച്ചു. സണ്ണി ജോസഫിനും വി.ഡി. സതീശനും സ്വീകരണം നൽകാനെന്ന വ്യാജേന പ്രവർത്തകരെ വിളിച്ചുവരുത്തി പ്രതിഷേധത്തിന് കരുവാക്കുകയായിരുന്നു. സമരക്കാർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കാൻ ഒരു പാർലമെന്റ് അംഗം ഇടപെട്ടതായി സമരത്തിൽ പങ്കെടുത്തവരിൽ നിന്ന് തന്നെ വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ തെളിവുകൾ ലഭിച്ച ശേഷം പേര് വെളിപ്പെടുത്തുമെന്നും എൻ.എസ്.യു നേതാക്കൾ പറഞ്ഞു.

​അതേസമയം, എൻ.എസ്.യുവിൻ്റെ ആരോപണങ്ങൾ മുസ്ലിം ലീഗും എം.എസ്.എഫും പൂർണ്ണമായും തള്ളി. സണ്ണി ജോസഫിനെതിരായ പ്രതിഷേധത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് ഡൽഹി കെ.എം.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം വ്യക്തമാക്കി. 'ജെൻ-സി' എന്ന കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചതെന്നും അതിൽ യു.ഡി.എഫിലെ എല്ലാ വിദ്യാർത്ഥി സംഘടനകളിൽപ്പെട്ടവരും ഭാഗമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു നിശ്ചിത സംഘടനയുടെ തലയിൽ വീഴ്ചകൾ കെട്ടിവെക്കാനുള്ള ശ്രമം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ലീഗ് പക്ഷത്തിൻ്റെ നിലപാട്.

​മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾക്കായി ഡൽഹിയിലെത്തിയ കോൺഗ്രസ് നേതാക്കൾക്ക് നേരെ സ്വന്തം മുന്നണിയിലെ അസ്വാരസ്യങ്ങൾ തെരുവിലേക്ക് പടരുന്നത് യു.ഡി.എഫിന് ദേശീയ തലത്തിൽ വലിയ നാണക്കേടായിരിക്കുകയാണ്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന എൻ.എസ്.യുവിൻ്റെ ആരോപണം വരും ദിവസങ്ങളിൽ കോൺഗ്രസ്-ലീഗ് ബന്ധത്തിൽ പുതിയ തർക്കങ്ങൾക്ക് വഴിമരുന്നിടും. പരാതി ഹൈക്കമാൻഡിന് മുന്നിലെത്തിയതോടെ ദേശീയ നേതൃത്വവും വിഷയത്തിൽ വിശദീകരണം തേടിയേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക