Image

ഇടത് നയങ്ങളിൽ വ്യതിയാനം, ജനവികാരം തിരിച്ചറിയുന്നതിൽ പാളിച്ച, ; തിരുത്തലിനൊരുങ്ങി സി.പി.ഐ

Published on 09 May, 2026
ഇടത് നയങ്ങളിൽ വ്യതിയാനം, ജനവികാരം തിരിച്ചറിയുന്നതിൽ പാളിച്ച, ; തിരുത്തലിനൊരുങ്ങി സി.പി.ഐ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയിൽ നയപരമായ പാളിച്ചകൾ ചൂണ്ടിക്കാട്ടി സി.പി.ഐ നേതൃത്വം. ഇടത് നയങ്ങളിൽ ഉണ്ടായ വ്യതിയാനവും പാർട്ടി നിലപാടുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഉണ്ടായ പരാജയവുമാണ് വോട്ടുചോർച്ചയ്ക്ക് പ്രധാന കാരണമായതെന്ന് പാർട്ടി സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവ് യോഗവും വിലയിരുത്തി. പി.എം. ശ്രീ പദ്ധതി, ഇലപ്പുള്ളി ബ്രൂവറി തുടങ്ങിയ വിവാദ വിഷയങ്ങൾ ജനങ്ങൾക്കിടയിൽ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. പല സുപ്രധാന തീരുമാനങ്ങളും ഘടകകക്ഷികളെ ബോധ്യപ്പെടുത്തുന്നതിൽ സി.പി.എം വീഴ്ചവരുത്തിയതായും യോഗത്തിൽ വിമർശനമുയർന്നു.

​മത്സരിച്ച 24 സീറ്റുകളിൽ എട്ടിടത്ത് മാത്രമാണ് ഇക്കുറി സി.പി.ഐക്ക് വിജയിക്കാനായത്. കഴിഞ്ഞ തവണത്തെ 17 സീറ്റുകളിൽ നിന്ന് വലിയ ഇടിവാണ് ഇത്തവണ സംഭവിച്ചത്. അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, മുഹമ്മദ് മുഹ്സിൻ, കെ. രാജൻ, ഗീത ഗോപി, കെ.കെ. വത്സരാജ്, പി. പ്രസാദ്, സി. അജയപ്രസാദ്, ജി.ആർ. അനിൽ എന്നിവരാണ് നിയമസഭയിലെത്തുക. തിരഞ്ഞെടുപ്പിൽ മൊത്തത്തിൽ തിരിച്ചടി നേരിട്ടപ്പോഴും മത്സരിച്ച മന്ത്രിമാരിൽ ഭൂരിഭാഗം പേരും വിജയിച്ചു കയറിയത് നേതൃത്വത്തിന് നേരിയ ആശ്വാസം നൽകുന്നുണ്ട്.

​അതേസമയം, സിറ്റിങ് സീറ്റായ ചടയമംഗലത്ത് മുൻ മന്ത്രി ജെ. ചിഞ്ചുറാണി പരാജയപ്പെട്ടത് പാർട്ടിക്ക് അപ്രതീക്ഷിത ആഘാതമായി. നയപരമായ വിയോജിപ്പുകൾ പാർട്ടി പലപ്പോഴും സർക്കാരിനുള്ളിൽ പ്രകടിപ്പിച്ചിരുന്നെങ്കിലും അവ ജനങ്ങളിലേക്ക് വേണ്ടവിധം സംവേദനം ചെയ്തില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. തോൽവിയെക്കുറിച്ച് വിശദമായ റിപ്പോർട്ട് തൃക്കാക്കരയിലെ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്ത ശേഷം തിരുത്തൽ നടപടികളിലേക്ക് കടക്കാനാണ് സി.പി.ഐ നീക്കം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക