Image

അമേരിക്കൻ പൗരത്വം റദ്ദാക്കി ഇന്ത്യൻ വംശജനെ പുറത്താക്കാൻ നീക്കം; സാമ്പത്തിക തട്ടിപ്പും വിവരങ്ങൾ മറച്ചുവച്ചതും വിനയായി

Published on 09 May, 2026
അമേരിക്കൻ പൗരത്വം റദ്ദാക്കി ഇന്ത്യൻ വംശജനെ പുറത്താക്കാൻ നീക്കം;  സാമ്പത്തിക തട്ടിപ്പും വിവരങ്ങൾ മറച്ചുവച്ചതും വിനയായി


വാഷിംഗ്ടൺ: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണെന്നതുൾപ്പെടെ പൗരത്വ അപേക്ഷയിൽ വിവരങ്ങൾ മറച്ചുവച്ച ചെയ്ത 62-കാരനായ ഇന്ത്യൻ വംശജന്റെ അമേരിക്കൻ പൗരത്വം റദ്ദാക്കാൻ നീതിന്യായ വകുപ്പ് നടപടി ആരംഭിച്ചു. ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന വ്യവസായി ദേബാശിഷ് ഘോഷിനെതിരെയാണ് പൗരത്വം റദ്ദാക്കി  അദ്ദേഹത്തെ നാടുകടത്താൻ ലക്ഷ്യമിട്ടുള്ള നടപടികളുമായി ട്രംപ് ഭരണകൂടം മുന്നോട്ട് പോകുന്നത്.
 

2012-ൽ അമേരിക്കൻ പൗരത്വം ലഭിക്കുന്നതിന് മുമ്പും ശേഷവും ഇയാൾ 2.5 മില്യൺ ഡോളറിന്റെ വയർ ഫ്രോഡ് നടത്തിയതായി കണ്ടെത്തിയിരുന്നു.  വിമാന അറ്റകുറ്റപ്പണി കേന്ദ്രം നിർമ്മിക്കാനെന്ന പേരിൽ നിക്ഷേപകരിൽ നിന്ന് പണം സമാഹരിക്കുകയും അത് സ്വന്തം ആവശ്യങ്ങൾക്കായി വകമാറ്റുകയും ചെയ്തു എന്നാണ് കേസ്. പൗരത്വത്തിനായുള്ള അപേക്ഷ സമർപ്പിച്ചപ്പോഴും അഭിമുഖ വേളയിലും, താൻ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന് ഘോഷ് സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ, പൗരത്വം ലഭിക്കുന്നതിന് മുമ്പ് തന്നെ ഇയാൾ തട്ടിപ്പ് തുടങ്ങിയിരുന്നുവെന്നും ഈ വിവരം മറച്ചുവെച്ചാണ് പൗരത്വം നേടിയതെന്നും അന്വേഷണത്തിൽ വ്യക്തമായി.

താൻ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന് 2012-ൽ ഇയാൾ നൽകിയ തെറ്റായ മൊഴി 'ഗുരുതരമായ നിയമലംഘന'മായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. വ്യാജരേഖകളിലൂടെയോ വിവരങ്ങൾ മറച്ചുവെച്ചോ നേടുന്ന പൗരത്വം റദ്ദാക്കാൻ അമേരിക്കൻ നിയമം അനുവദിക്കുന്നുണ്ട്. പൗരത്വം റദ്ദാക്കപ്പെട്ടാൽ ഇയാൾക്ക് അമേരിക്കയിൽ താമസിക്കാനുള്ള നിയമപരമായ അവകാശം നഷ്ടപ്പെടുകയും ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്യും.

നിലവിൽ ട്രംപ് ഭരണകൂടം പൗരത്വ നടപടികളിലെ ക്രമക്കേടുകൾക്കെതിരെ സ്വീകരിച്ചു വരുന്ന കർശന നിലപാടിന്റെ ഭാഗമായാണ് ഈ നടപടി. കൃത്രിമം കാട്ടി പൗരത്വം നേടിയ മറ്റു 11 പേർക്കെതിരെയും ഇത്തരത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പൗരത്വ പ്രക്രിയയുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിനായി തട്ടിപ്പുകാരെ കർശനമായി നേരിടുമെന്ന് ആക്ടിംഗ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് ആവർത്തിച്ചു വ്യക്തമാക്കി. ഇത്തരത്തിൽ പൗരത്വം നേടിയവർ ജാഗ്രത പാലിക്കണമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക