Image

മുഖ്യമന്ത്രി ആകുന്നതിന് സീനിയോറിറ്റി പ്രശ്നമല്ല; പട്ടികയില്‍ എന്നെ വിട്ടുപോയതായിരിക്കും:് കെ മുരളീധരന്‍

Published on 09 May, 2026
മുഖ്യമന്ത്രി ആകുന്നതിന് സീനിയോറിറ്റി പ്രശ്നമല്ല; പട്ടികയില്‍ എന്നെ വിട്ടുപോയതായിരിക്കും:് കെ മുരളീധരന്‍


തിരുവനന്തപുരം: ഫ്‌ലക്സിന്റെ എണ്ണം കൂടിയതുകൊണ്ടോ ജാഥകള്‍ കൂടിയതുകൊണ്ടോ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇതിനൊക്കെ ചില നടപടിക്രമങ്ങള്‍ ഉണ്ട്. അതനുസരിച്ച് മാത്രമേ കാര്യം മുന്നോട്ട് പോകുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കാര്യങ്ങള്‍ വഷളായിട്ടൊന്നുമില്ല. ചിലരുടെ ആഗ്രഹങ്ങള്‍ അവര്‍ ഫ്‌ലക്സിലൂടെ പ്രകടിപ്പിക്കുന്നുവെന്നേയുള്ളൂ. ചേരിതിരിഞ്ഞുള്ള പ്രകടനം നടത്തുന്നത് ശരിയല്ല. ഈ പ്രകടനം കൊണ്ട് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ല. ഫ്‌ലക്സുകള്‍ കൊണ്ടും ബുദ്ധിമുട്ടില്ല. പക്ഷേ അതിന്റെ ആവശ്യമില്ല. 24 മണിക്കൂറിനകം തീരുമാനം ഉണ്ടാകുമെന്നാണ് ഡല്‍ഹിയില്‍ നിന്നും കിട്ടുന്ന വിവരം. ഹൈക്കമാന്‍ഡിനോട് പറഞ്ഞ തന്റെ തീരുമാനം പുറത്തുപറയില്ല. മണ്ഡലത്തിലെ ജനവികാരം അറിയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ ഫ്‌ലക്സ് കീറുന്നത് കോണ്‍ഗ്രസുകാരല്ല. ഫ്‌ലക്സില്‍ തുപ്പുന്നത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രി ആകുന്നതിന് സീനിയോറിറ്റി പ്രശ്നമല്ല. മുഖ്യമന്ത്രി പട്ടികയില്‍ പേരുള്‍പ്പെടാത്തത് സംബന്ധിച്ച ചോദ്യത്തിന് പേരെടുക്കാന്‍ വിട്ടുപോയതായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതൊരു സിംഗിള്‍ പാര്‍ട്ടി ഗവണ്‍മെന്റല്ല. ഘടകകക്ഷികളുടെ തീരുമാനം കൂടി പരിഗണിക്കും. എംഎല്‍എമാരുടെ പിന്തുണയും ഘടകകക്ഷികളുടെ പിന്തുണയും പ്രധാനമാണെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക