Image

വിജയ്‌യും തൃഷയും വിവാഹിതരാകണം; ടിവികെയിൽ ചേരാൻ താല്പര്യമെന്ന് രാഖി സാവന്ത്

Published on 09 May, 2026
വിജയ്‌യും തൃഷയും വിവാഹിതരാകണം; ടിവികെയിൽ ചേരാൻ താല്പര്യമെന്ന് രാഖി സാവന്ത്

ചെന്നൈ: തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയ വൃത്തങ്ങളെയും ഒരുപോലെ ചൂടുപിടിപ്പിച്ചിരിക്കുന്ന വിജയ്-തൃഷ പ്രണയ അഭ്യൂഹങ്ങൾക്കിടെ പുതിയ പ്രതികരണവുമായി നടി രാഖി സാവന്ത്. വിജയ്‌യും തൃഷയും വിവാഹിതരാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അവരുടെ വിവാഹത്തിന് മെഹന്തി അണിയാൻ താൻ എത്തുമെന്നും രാഖി പറഞ്ഞു. തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) വിജയത്തിന് പിന്നാലെ വിജയ്‌യെ അഭിനന്ദിക്കാൻ നിരവധി താരങ്ങൾ എത്തുന്നതിനിടെയാണ് രാഖി സാവന്തിന്റെ ഈ വിവാദ പരാമർശം.

​തൃഷയുമായി തനിക്ക് ദീർഘകാലത്തെ സൗഹൃദമുണ്ടെന്ന് രാഖി സാവന്ത് വെളിപ്പെടുത്തി. ഇരുവരും സിനിമയിൽ കരിയർ കെട്ടിപ്പടുക്കാൻ കഷ്ടപ്പെടുന്ന കാലം മുതൽ പരസ്പരം അറിയാം. തൃഷ ആദ്യം ബോളിവുഡിലായിരുന്നുവെന്നും പിന്നീട് ദക്ഷിണേന്ത്യൻ സിനിമയിൽ വലിയ താരമായി മാറിയതും തനിക്ക് നേരിട്ടറിയാവുന്ന കാര്യമാണെന്നും രാഖി കൂട്ടിച്ചേർത്തു. തൃഷയെ തന്റെ കുട്ടിക്കാലം മുതലേ അറിയാമെന്നും അടുത്ത സുഹൃത്താണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

​വിജയ്‌യെക്കുറിച്ചും രാഖിക്ക് നൂറുനാവാണ്. വിജയ്‌യുടെ എളിമയും സ്വഭാവശുദ്ധിയും തന്നെ ആകർഷിച്ചിട്ടുണ്ടെന്നും അദ്ദേഹത്തോടൊപ്പം ഒരു സിനിമയിലെങ്കിലും പാട്ട് സീനിൽ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും രാഖി പറഞ്ഞു. എന്നാൽ ആ സ്വപ്നം ഇതുവരെ നടക്കാത്തതിൽ സങ്കടമുണ്ട്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ശ്രദ്ധേയമാണെന്നും അദ്ദേഹത്തിന്റെ പാർട്ടിയായ ടിവികെയിൽ ചേർന്ന് പ്രവർത്തിക്കാൻ തനിക്ക് താല്പര്യമുണ്ടെന്നും രാഖി വെളിപ്പെടുത്തി.

​വിജയ്‌യും ഭാര്യ സംഗീതയും വിവാഹമോചിതരായത് അടുത്തിടെ വലിയ വാർത്തയായിരുന്നു. തമിഴ് സിനിമയിലെ ഒരു പ്രമുഖ നടിയുമായുള്ള വിജയ്‌യുടെ സൗഹൃദമാണ് കുടുംബപ്രശ്നങ്ങൾക്ക് കാരണമെന്നും ആ നടി തൃഷയാണെന്നുമാണ് കോളിവുഡിലെ ഗോസിപ്പുകൾ. രാഷ്ട്രീയ വിജയത്തിന് പിന്നാലെ വിജയ്‌യെ അഭിനന്ദിക്കാൻ തൃഷ നേരിട്ട് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത് ഈ അഭ്യൂഹങ്ങൾക്ക് വീണ്ടും ബലം നൽകിയിരിക്കുകയാണ്. ഇതിനിടെയാണ് ഇരുവരും വിവാഹിതരാകണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് രാഖി രംഗത്തെത്തിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക