
കൽപ്പറ്റ: കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് വി.ഡി. സതീശനെ കൊണ്ടുവരണമെന്ന ആവശ്യവുമായി വയനാട് എം.പി പ്രിയങ്ക ഗാന്ധിക്ക് മേൽ കടുത്ത സമ്മർദ്ദം. വയനാട് മണ്ഡലത്തിലെ വോട്ടർമാരും കോൺഗ്രസ് പ്രവർത്തകരും പ്രിയങ്കയുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്ക് കൂട്ടമായി സന്ദേശങ്ങൾ അയക്കുന്നതായാണ് വിവരം. സതീശനെ മുഖ്യമന്ത്രിയാക്കുന്നത് പാർട്ടിക്കും മുന്നണിക്കും പുതിയ ഊർജ്ജം നൽകുമെന്നും ജനവികാരം അദ്ദേഹത്തിന് അനുകൂലമാണെന്നും ഇമെയിലുകളിൽ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
തന്റെ മണ്ഡലത്തിലെ വോട്ടർമാരുടെ വികാരം എന്ന നിലയിൽ പ്രിയങ്ക ഗാന്ധി വിഷയത്തിൽ ഇടപെടണമെന്നാണ് പ്രവർത്തകരുടെ പ്രധാന ആവശ്യം. വയനാട്ടിലെ വിവിധ പ്രാദേശിക കമ്മിറ്റികളും പോഷക സംഘടനകളും കേന്ദ്രീകരിച്ചാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. ഹൈക്കമാൻഡ് ചർച്ചകളിൽ പ്രിയങ്കയുടെ നിലപാട് നിർണ്ണായകമാകുമെന്ന തിരിച്ചറിവിലാണ് സതീശൻ അനുകൂലികൾ വയനാട് കേന്ദ്രീകരിച്ച് സമ്മർദ്ദതന്ത്രം പയറ്റുന്നത്. ഇമെയിലുകൾക്ക് പുറമെ സോഷ്യൽ മീഡിയ വഴിയും സമാനമായ ക്യാമ്പയിനുകൾ സജീവമാണ്.
ഇമെയിൽ പ്രവാഹത്തിന് പിന്നാലെ, വി.ഡി. സതീശന് പിന്തുണ പ്രഖ്യാപിച്ച് വയനാട്ടിൽ പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾക്കും ആഹ്വാനമുണ്ട്. പ്രിയങ്കയുടെ മണ്ഡലത്തിൽ സതീശനായി മുദ്രാവാക്യങ്ങൾ ഉയരുന്നത് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നത് ഭരണവിരുദ്ധ വികാരത്തിന് കാരണമാകുമെന്നും യുവനേതൃത്വത്തിന് അവസരം നൽകണമെന്നും പ്രകടനത്തിന് ആഹ്വാനം ചെയ്തവർ വ്യക്തമാക്കുന്നു.
കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഡൽഹിയിൽ ക്യാമ്പ് ചെയ്ത് ചർച്ചകൾ നടത്തുമ്പോൾ, താഴെത്തട്ടിലുള്ള പ്രവർത്തകരുടെ പിന്തുണ സതീശനാണെന്ന് ബോധ്യപ്പെടുത്താനാണ് ഈ നീക്കങ്ങൾ. വയനാട്ടിൽ നിന്നുള്ള ഈ പ്രതിഷേധവും സമ്മർദ്ദവും പ്രിയങ്ക ഗാന്ധി ഹൈക്കമാൻഡ് ചർച്ചകളിൽ ഉന്നയിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. വരും മണിക്കൂറുകളിൽ കൂടുതൽ ജില്ലകളിൽ നിന്ന് സമാനമായ ആവശ്യങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.