
വാഷിംഗ്ടൺ: എഫ്‌ബിഐ ഡയറക്ടർ കാഷ് പട്ടേൽ തന്റെ സുരക്ഷാ സംഘത്തിലെ നിലവിലെയും മുൻകാലത്തെയും രണ്ട് ഡസനിലധികം അംഗങ്ങൾക്കും മറ്റ് ചില ജീവനക്കാർക്കും ലൈ ഡിറ്റക്ടർ (പോളിഗ്രാഫ്) പരിശോധന നിർദേശിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത്. മാധ്യമങ്ങളിലൂടെ പട്ടേലിനെതിരെ പുറത്തുവന്ന കടുത്ത വിമർശന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ നീക്കം.
ദി അറ്റ്ലാന്റിക് പ്രസിദ്ധീകരിച്ച വിമർശനാത്മക റിപ്പോർട്ടുകൾക്ക് പിന്നാലെ ഓഫിസിനുള്ളിൽ നിന്ന് വിവര ചോർച്ച ഉണ്ടായോയെന്ന് കണ്ടെത്തുന്നതിനായാണ് നടപടി സ്വീകരിച്ചതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡയറക്ടറോടൊപ്പം യാത്ര ചെയ്യുന്നവരുള്‍പ്പെടെ രഹസ്യ വിവരങ്ങളിലേക്കുള്ള ആക്‌സസ് ഉണ്ടായിരുന്നവർ മാധ്യമപ്രവർത്തകരുമായി വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ടോ എന്നതാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് സൂചന. പ്രതികാരനടപടികൾ ഭയന്ന് പേര് വെളിപ്പെടുത്താതെയാണ് ചിലർ ഇക്കാര്യം വെളിപ്പെടുത്തിയത്. എഫ്‌ബിഐ വക്താവ് ബെൻ വില്യംസൺ ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.ചില ഏജന്റുമാർ ഈ അന്വേഷണത്തിന്റെ ന്യായീകരണത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായും മാധ്യമപ്രവർത്തനവുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾ പരിശോധിക്കുന്നത് വിവാദമാകാമെന്നും റിപ്പോർട്ടുകൾ പറയുന്നു. നിർദ്ദേശം അനുസരിക്കാൻ വിസമ്മതിച്ചാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമോയെന്ന ഭയവും ഉദ്യോഗസ്ഥർക്കിടയിൽ നിലനിൽക്കുന്നുവെന്നാണ് വിവരം.
മേയ് 7-ന് പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോർട്ടിൽ പട്ടേലിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള പുതിയ ആരോപണങ്ങളും ദി അറ്റ്ലാന്റിക് ഉന്നയിച്ചു. സ്വന്തമായി രൂപകൽപ്പന ചെയ്ത ബർബൺ വിസ്കി കുപ്പികൾ അദ്ദേഹം സഹപ്രവർത്തകർക്കും മറ്റുള്ളവർക്കും വിതരണം ചെയ്യുന്നുവെന്നാണ് ആരോപണം. 'കാഷ് പട്ടേൽ,എഫ്ബിഐ ഡയറക്ടർ' എന്ന ലേബലോടെ എഫ്‌ബിഐ ശൈലിയിലുള്ള ചിഹ്നവും പതിപ്പിച്ച കുപ്പികളാണിതെന്നാണ് റിപ്പോർട്ട്. ഒൻപതാം എഫ്‌ബിഐ ഡയറക്ടറെന്ന സൂചനയായി ‘9’ നമ്പർ ഉൾപ്പെടുത്തിയ കഴുകൻ ചിഹ്നവും കുപ്പികളിൽ ഉണ്ടെന്നാണ് ആരോപണം. ഔദ്യോഗിക പരിപാടികളിലും എഫ്‌ബിഐയുമായി ബന്ധപ്പെട്ട ചടങ്ങുകളിലും ഇത്തരം കുപ്പികൾ വിതരണം ചെയ്തതായും ജസ്റ്റിസ് ഡിപ്പാർട്മെന്റ് വിമാനങ്ങളിൽ വിസ്കി കൊണ്ടുപോയതായും റിപ്പോർട്ടിൽ പറയുന്നു. ഔദ്യോഗിക സാഹചര്യങ്ങളിൽ കൈമാറിയ കുപ്പികൾ ഗിഫ്റ്റ് കൈമാറുന്നതിന്റെ ഭാഗമായിരുന്നുവെന്നും, വ്യക്തിപരമായി സമ്മാനമായി നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ തുക പട്ടേൽ എഫ്‌ബിഐയ്ക്ക് തിരിച്ചടച്ചിട്ടുണ്ടെന്നും എഫ്‌ബിഐ വക്താവ് ദി ഗാർഡിയനോട് വ്യക്തമാക്കി.