Image

സമ്മർദ്ദതന്ത്രമില്ല, പാർട്ടിക്കൊപ്പം; അച്ചടക്കം പരിഗണിക്കണമെന്ന് ഹൈക്കമാൻഡിനോട് ചെന്നിത്തല പക്ഷം

Published on 09 May, 2026
സമ്മർദ്ദതന്ത്രമില്ല, പാർട്ടിക്കൊപ്പം; അച്ചടക്കം പരിഗണിക്കണമെന്ന് ഹൈക്കമാൻഡിനോട് ചെന്നിത്തല പക്ഷം

ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം ഡൽഹിയിൽ മുറുകുന്നതിനിടെ, പാർട്ടി അച്ചടക്കം പാലിച്ച തങ്ങളെ ഹൈക്കമാൻഡ് അവഗണിക്കരുതെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല പക്ഷം രംഗത്തെത്തി. ചെന്നിത്തലയ്ക്കായി തെരുവിൽ ആളെക്കൂട്ടി പ്രകടനം നടത്താൻ തങ്ങൾക്കും കഴിയുമായിരുന്നുവെന്നും എന്നാൽ പാർട്ടി ലൈൻ അനുസരിച്ച് സംയമനം പാലിക്കുകയായിരുന്നുവെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. അച്ചടക്കം ലംഘിച്ച് സമ്മർദ്ദതന്ത്രങ്ങൾ പയറ്റുന്നവർക്ക് മുന്നിൽ വഴങ്ങരുതെന്ന കൃത്യമായ സന്ദേശം ചെന്നിത്തല പക്ഷം ഹൈക്കമാൻഡിനെ അറിയിച്ചു കഴിഞ്ഞു. എന്നാൽ, കേരള ഹൗസിലെത്തിയ രമേശ് ചെന്നിത്തല നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

​മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ആദ്യഘട്ട ചർച്ചകളിൽ രാഹുൽ ഗാന്ധി നേരിട്ട് പങ്കെടുക്കില്ലെന്നാണ് സൂചന. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി പ്രതിനിധി ദീപാ ദാസ് മുൻഷിയുമാണ് നേതാക്കളുമായി പ്രാഥമിക ചർച്ചകൾ നടത്തുക. ഹൈക്കമാൻഡിന്റെ പൊതുനിലപാട് ഇവർ നേതാക്കളെ അറിയിക്കും. എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ നിലപാടും ചർച്ചയായ ശേഷം അവസാന ഘട്ടത്തിൽ മാത്രമായിരിക്കും രാഹുൽ ഗാന്ധി വിഷയത്തിൽ ഇടപെടുകയെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന വിവരം.

​സംസ്ഥാന കോൺഗ്രസിൽ വിഭാഗീയത ശക്തമാകുന്നതിനിടെ സമവായ സ്ഥാനാർത്ഥിയായി ചെന്നിത്തല എത്തിയേക്കുമെന്ന പ്രതീക്ഷ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ ഇപ്പോഴും കൈവിടുന്നില്ല. സീനിയോറിറ്റിയും മുൻകാല ഭരണപരിചയവും ചെന്നിത്തലയ്ക്ക് അനുകൂല ഘടകങ്ങളായി ഇവർ ഉയർത്തിക്കാട്ടുന്നു. ഗ്രൂപ്പ് വൈര്യം രൂക്ഷമായ സാഹചര്യത്തിൽ എല്ലാവർക്കും സ്വീകാര്യനായ ഒരു നേതാവ് എന്ന നിലയിൽ ചെന്നിത്തലയുടെ പേര് ഹൈക്കമാൻഡ് പരിഗണിക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. വൈകുന്നേരത്തോടെ നടക്കുന്ന നിർണ്ണായക കൂടിക്കാഴ്ചകൾക്ക് ശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക