Image

‘തീക്കൊള്ളികൊണ്ട് തല ചൊറിയരുത്’'ഇത് കോൺഗ്രസിന് ചേർന്നതല്ല'; തെരുവിലെ പോരിനെതിരെ ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

Published on 09 May, 2026
‘തീക്കൊള്ളികൊണ്ട് തല ചൊറിയരുത്’'ഇത് കോൺഗ്രസിന് ചേർന്നതല്ല'; തെരുവിലെ പോരിനെതിരെ ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

​തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഉടലെടുത്ത തർക്കങ്ങളും തെരുവിലെ പ്രതിഷേധങ്ങളും അച്ചടക്കലംഘനമാണെന്ന് വ്യക്തമാക്കി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള തെരുവിലെ കളി പ്രവർത്തകർ അവസാനിപ്പിക്കണമെന്നും കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് വിഭാഗീയ പ്രവർത്തനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഘടനാ മര്യാദ പാലിക്കാത്തവർ തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്നും അതീവ ഗൗരവകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഉണ്ണിത്താൻ മാധ്യമങ്ങളോട് പറഞ്ഞു.

​നേതാക്കൾ സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങളെ ഭയന്ന് മൗനം പാലിക്കുകയാണെന്നും ഉണ്ണിത്താൻ തുറന്നടിച്ചു. കെ.സി. വേണുഗോപാലിനെതിരെ നടക്കുന്ന നീക്കങ്ങളെ അദ്ദേഹം ശക്തമായി പ്രതിരോധിച്ചു. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറിയായ വേണുഗോപാലിനെ തള്ളിക്കളയാൻ ആർക്കും കഴിയില്ലെന്നും വേണുഗോപാലിനൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രം ഇല്ലാതിരുന്നതിനാലാണ് ചില ഫ്ലക്സുകൾ ആക്രമിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി നേതാക്കൾക്ക് തർക്കിക്കാം, എന്നാൽ അത് തെരുവ് യുദ്ധമായി മാറരുത്. ഹൈക്കമാൻഡ് അന്തിമ തീരുമാനം പ്രഖ്യാപിച്ചാൽ പിന്നീട് അതിനെതിരെ ഒരു എതിർശബ്ദവും ഉയരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ഘടകകക്ഷികളുടെ നിലപാടിനെ ചൊല്ലിയുള്ള തർക്കങ്ങളിൽ മാത്യു കുഴൽനാടൻ എം.എൽ.എയുടെ പേരെടുത്ത് പറയാതെ ഉണ്ണിത്താൻ രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രി ആരാകണമെന്നതിൽ അഭിപ്രായം പറയാൻ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് അവകാശമുണ്ടെന്നും അത് തടയാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "അൽപ്പന് അർത്ഥം കിട്ടിയാൽ അർധരാത്രിയും കുടപിടിക്കും" എന്ന അവസ്ഥയിലാണ് ചില നേതാക്കളെന്നും അത്തരക്കാരുടെ പാരമ്പര്യം എല്ലാവർക്കും അറിയാമെന്നും ഉണ്ണിത്താൻ പരിഹസിച്ചു. ഘടകകക്ഷികളെ തള്ളിപ്പറയുന്ന നിലപാട് മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക