
ന്യൂയോര്‍ക് :സിഖ് വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂനെ അമേരിക്കയില്‍ വെച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതിയായ നിഖില്‍ ഗുപ്ത കുറ്റസമ്മതം നടത്തി. ന്യൂയോര്‍ക്കിലെ കോടതിയില്‍ വച്ചാണ് ഗുപ്ത കുറ്റം സമ്മതിച്ചത്. ഇതോടെ ശിക്ഷാ കാലാവധി കുറയ്ക്കുന്നതിനായി പ്രമുഖ അഭിഭാഷകരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രതിരോധ നിരയെ അദ്ദേഹം രംഗത്തിറക്കി.
കൊലപാതകത്തിനായുള്ള ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് നിഖില്‍ ഗുപ്ത സമ്മതിച്ചത്. ഫെബ്രുവരി 13-നായിരുന്നു കോടതിയില്‍ ഈ നടപടികള്‍ പൂര്‍ത്തിയായത്.
പരമാവധി 40 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മെയ് 29-ന് ജഡ്ജി വിക്ടര്‍ മറെറോ ഗുപ്തയുടെ ശിക്ഷ വിധിക്കും.
കേസിന്റെ ഭാഗമായി ഗുപ്തയുടെ പക്കല്‍ നിന്നും കണ്ടെടുത്ത 15,000 ഡോളറും രണ്ട് മൊബൈല്‍ ഫോണുകളും അമേരിക്കന്‍ സര്‍ക്കാരിന് വിട്ടുനല്‍കാന്‍ അദ്ദേഹം സമ്മതിച്ചു.
ശിക്ഷയില്‍ പരമാവധി ഇളവ് നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂയോര്‍ക്കിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകരായ ഇസബെല്ല കിര്‍ഷ്‌നര്‍, ബ്രയാന്‍ ഡേവിഡ് ലിന്‍ഡര്‍ എന്നിവരെ പ്രതിഭാഗം നിയമിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഉദ്യോഗസ്ഥനായ വികാഷ് യാദവ് എന്ന വ്യക്തിയുമായി ചേര്‍ന്നാണ് ഗുപ്ത ഗൂഢാലോചന നടത്തിയതെന്നാണ് അമേരിക്കന്‍ പ്രോസിക്യൂഷന്റെ ആരോപണം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെപ്പോലും ബാധിച്ച ഈ കേസ് അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.