
ഇടുക്കി: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ അമ്മയേയും സഹോദരനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി സജി എട്ട് വര്‍ഷം മുന്‍പ് പിതാവ് മാത്യൂവിനെയും കൊലപ്പെടുത്തിയെന്ന് സംശയം. സജിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ പുരയിടത്തില്‍ പോലീസ് ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തി പരിശോധന നടത്തുകയാണ്. സ്ഥലത്തുനിന്ന് ഒരു അസ്ഥി ലഭിച്ചു. ഇത് മനുഷ്യ;ന്റേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. മനുഷ്യന്റേതാണെങ്കില്‍ തന്നെ മാത്യു തന്നെയാണ് മരിച്ചതെന്ന് ഡിഎന്‍എ പരിശോധന നടത്തി സ്ഥിരീകരിക്കേണ്ടതുണ്ട്.
2018ലാണ് മാത്യുവിനെ കാണാതായത്. മാത്യൂ ഒരു സുവിശേഷകനായിരുന്നു. പ്രേഷിതജോലിയുമായി ബന്ധപ്പെട്ട് പലയിടത്തും പോകാറുണ്ടായിരുന്നു. കാണാതായി എന്നു പറയപ്പെടുന്ന ദിവസം മാത്യൂ നെടുങ്കണ്ടത്ത് ബസിറങ്ങിയത് കണ്ടതായി നാട്ടുകാര്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മാത്യൂ വീട്ടില്‍ എത്തിയിരുന്നില്ല.
മാത്യൂവിനെ കാണാതായതില്‍ കൊല്ലപ്പെട്ട റെജിയും സഹോദരി സിനിയുമാത്രമാണ് അന്വേഷണം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സജിക്ക് ഇതില്‍ താല്‍പര്യമുണ്ടായിരുന്നില്ല. സജി നിരോധിത പുകയില ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചിരുന്നു. ഇത് പിതാവ് എതിര്‍ത്തിരുന്നു. ഇതില്‍ സജിക്ക് വിരോധവുമുണ്ടായിരുന്നു.
സജി അമ്മയേയും സഹോദരനെയും കൊലപ്പെടുത്തി എന്ന് കണ്ടതോടെ സഹോദരിയാണ് മാത്യൂവിന്റെ തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.