
വാഷിംഗ്ടണ്‍: സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 10 ശതമാനം ആഗോള ഇറക്കുമതി നികുതികള്‍ നിയമവിരുദ്ധമാണെന്ന് ഫെഡറല്‍ കോടതി ഉത്തരവിട്ടു. ന്യൂയോര്‍ക്കിലെ 'കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ്' ആണ് ട്രംപിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയത്.
നികുതി ചുമത്താന്‍ കോണ്‍ഗ്രസ് നല്‍കിയിട്ടുള്ള പരിമിതമായ അധികാരം പ്രസിഡന്റ് ലംഘിച്ചുവെന്ന് മൂന്നംഗ ജഡ്ജിമാരുടെ പാനലില്‍ ഭൂരിപക്ഷം (2-1) അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ട്രംപ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതികള്‍ ഫെബ്രുവരിയില്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനെ മറികടക്കാന്‍ കൊണ്ടുവന്ന താല്‍ക്കാലിക നികുതികളാണ് ഇപ്പോള്‍ വീണ്ടും റദ്ദാക്കപ്പെട്ടത്.
നിലവില്‍ പരാതി നല്‍കിയ വാഷിംഗ്ടണ്‍ സ്റ്റേറ്റ്, രണ്ട് സ്വകാര്യ കമ്പനികള്‍ എന്നിവര്‍ക്ക് മാത്രമാണ് ഈ വിധി നേരിട്ട് ബാധകമെങ്കിലും, കൂടുതല്‍ കമ്പനികള്‍ നികുതി ഇളവിനും റീഫണ്ടിനുമായി കോടതിയെ സമീപിക്കാന്‍ ഇത് വഴിയൊരുക്കും.
ട്രംപ് ഭരണകൂടം ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സാധ്യത. കേസ് വീണ്ടും സുപ്രീം കോടതിയിലെത്താനും സാധ്യതയുണ്ട്.
യുഎസ് സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കാനെന്ന പേരില്‍ ഇറക്കുമതി നികുതികള്‍ ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ നീക്കങ്ങള്‍ക്ക് ഈ വിധി വലിയ തിരിച്ചടിയാണ്.