Image

ഏഴ് വയസുകാരിയെ കൊലപ്പെടുത്തിയ മുന്‍ ഫെഡെക്‌സ് ഡ്രൈവര്‍ക്ക് വധശിക്ഷ

പി പി ചെറിയാന്‍ Published on 08 May, 2026
ഏഴ് വയസുകാരിയെ കൊലപ്പെടുത്തിയ മുന്‍ ഫെഡെക്‌സ് ഡ്രൈവര്‍ക്ക് വധശിക്ഷ

ടെക്‌സസ് : ടെക്‌സസില്‍ ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുന്‍ ഫെഡെക്‌സ് ഡ്രൈവര്‍ ടാനര്‍ ഹോണര്‍ക്ക് (34) കോടതി വധശിക്ഷ വിധിച്ചു. 2022-ല്‍ ക്രിസ്മസ് സമ്മാനം ഡെലിവറി ചെയ്യുന്നതിനിടെയാണ് അഥീന സ്ട്രാന്‍ഡ് എന്ന പെണ്‍കുട്ടിയെ ഹോണര്‍ തട്ടിക്കൊണ്ടുപോയത്.

പാക്കേജ് ഡെലിവറി ചെയ്യുന്നതിനിടെ വീടിന് മുന്നില്‍ നിന്ന അഥീനയെ ഹോണര്‍ വാനില്‍ തട്ടിക്കൊണ്ടുപോയി. കുട്ടി നിലവിളിച്ചതിനെത്തുടര്‍ന്ന് ശ്വാസം മുട്ടിച്ചും ക്രൂരമായി മര്‍ദ്ദിച്ചും കൊലപ്പെടുത്തുകയായിരുന്നു.

വാനിനുള്ളിലെ ഓഡിയോ റെക്കോര്‍ഡിംഗുകള്‍ കോടതിയില്‍ നിര്‍ണ്ണായകമായി. 'നീ സുന്ദരിയായതുകൊണ്ടാണ് ഞാന്‍ ഇത് ചെയ്യുന്നത്' എന്ന് ഹോണര്‍ കുട്ടിയോട് പറയുന്നതും, ജീവനായി അപേക്ഷിക്കുന്ന കുട്ടിയുടെ നിലവിളിയും കോടതിയില്‍ കേള്‍പ്പിച്ചു.

ഹോണര്‍ സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് നിരീക്ഷിച്ച ജൂറി, പ്രതിക്ക് വധശിക്ഷ നല്‍കാന്‍ തീരുമാനിച്ചു. കഴിഞ്ഞ മാസം വിചാരണ തുടങ്ങിയപ്പോള്‍ തന്നെ താന്‍ കുറ്റക്കാരനാണെന്ന് ഹോണര്‍ സമ്മതിച്ചിരുന്നു.

തന്റെ വാഹനം തട്ടി കുട്ടിക്ക് പരിക്കേറ്റെന്നും പരിഭ്രാന്തിയിലാണ് കൊലപാതകം ചെയ്തതെന്നുമാണ് ഹോണര്‍ ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇത് പച്ചക്കള്ളമാണെന്ന് പ്രോസിക്യൂഷന്‍ തെളിയിച്ചു. പ്രതിക്ക് ഓട്ടിസം ഉള്‍പ്പെടെയുള്ള മാനസിക പ്രശ്‌നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക